- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൈലന്‍സ് ഫോര്‍ ഗസ്സ'യില്‍ പങ്കുചേര്‍ന്ന് സി.പി.എമ്മും; രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്തുവെക്കണമെന്ന് എം എ ബേബി
'സൈലന്‍സ് ഫോര്‍ ഗസ്സ'യില്‍ പങ്കുചേര്‍ന്ന് സി.പി.എമ്മും
ന്യൂഡല്‍ഹി: ഫലസ്തീനികള്‍ക്ക് പിന്തുണയുമായി ഇസ്രായേലിനെതിരെ പ്രതിഷേധ സമരത്തില്‍ പങ്കുചേരാന്‍ സിപിഎം. ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സി.പി.എമ്മും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് 'സൈലന്‍സ് ഫോര്‍ ഗസ്സ' പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയത്.
രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത ആചരിക്കാനാണ് തീരുമാനം. ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഓഫ് ചെയ്തുവെക്കണമെന്നും ഫലസ്തീനില്‍ നടക്കുന്ന മഹാപാതകങ്ങളോട് ലോകത്ത് ധാരാളം മനുഷ്യര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന സന്ദേശം ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യഗ്രഹത്തിലൂടെ സാധിക്കുമെന്നും ബേബി വ്യക്തമാക്കി.
'സൈലന്‍സ് ഫോര്‍ ഗസ്സ' എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റല്‍ കാമ്പെയ്ന്‍ ആണിത്. ഇതൊരു പ്രതിരോധ പ്രവര്‍ത്തനമാണെന്നും ആഗോള ഡിജിറ്റല്‍ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയര്‍ത്തിക്കാണിക്കാന്‍ ലളിതവും ഫലപ്രദവുമായ മാര്‍ഗമാണെന്നും ഇതിന്റെ പിന്നിലുള്ള കാമ്പയ്ന്‍ പ്രചാരകര്‍ വ്യക്തമാക്കുന്നു. ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അല്‍ഗോരിതങ്ങള്‍ക്ക് ശക്തമായ ഒരു ഡിജിറ്റല്‍ സിഗ്‌നല്‍ അയക്കുകയും ഗസ്സയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.
ഇങ്ങനെ ഡിജിറ്റല്‍ നിശബ്ദത പാലിക്കുമ്പോള്‍ അല്‍ഗോരിത ആഘാതം സംഭവിക്കുമെന്നാണ് ഇവരുടെ അവകാശവാദം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ സ്ഥിരമായ ഉപയോക്തൃ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് ഉപയോക്താക്കള്‍ അഥവാ യൂസര്‍മാരാണ്. ഒരു ചെറിയ സമയത്തേക്ക് പോലും പ്രവര്‍ത്തനത്തിലെ പെട്ടെന്നുള്ള സമന്വയക്കുറവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ദൃശ്യപരമായ അല്‍ഗോരിതങ്ങളെ തടസ്സപ്പെടുത്തും. തത്സമയ ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെ ബാധിക്കും. അസാധാരണമായ ഉപയോക്തൃ പെരുമാറ്റത്തെക്കുറിച്ച് സെര്‍വറുകളിലേക്ക് സാങ്കേതികമായ സിഗ്‌നല്‍ അയക്കുമെന്നുമാണ് അവകാശവാദം.