ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കേറ്റ തോല്‍വിയില്‍ പ്രതികരണവുമായി രാജ്യസഭാ എം.പി സ്വാതി മലിവാള്‍ രംഗത്ത്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നു എന്നാണ് സ്വാതി പ്രതികരിച്ചത്.

''ചരിത്രം പരിശോധിച്ചാല്‍, സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും അതിക്രമം നടത്തുന്നവരെ ദൈവം ശിക്ഷിക്കുന്നതായി കാണാം. അഹംഭാവവും അഹങ്കാരവും ഏറെ നാള്‍ നീണ്ടുപോകില്ല. രാവണന്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ, ഇദ്ദേഹം വെറും കെജ്രിവാള്‍ മാത്രമാണ്'' -സ്വാതി മലിവാള്‍ പറഞ്ഞു.

കെജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ, പാര്‍ട്ടി അംഗമായ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ഉപദ്രവിച്ചെന്ന് സ്വാതി മലിവാള്‍ പരാതിപ്പെട്ടിരുന്നു. കെജ്രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെയായിരുന്നു പരാതി. കെജ്രിവാളിനും പാര്‍ട്ടിക്കുമെതിരെ രംഗത്തുവന്നെങ്കിലും സ്വാതി ഇപ്പോഴും എ.എ.പി അംഗമായി തന്നെ തുടരുകയാണ്.

ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം മലിനീകരണവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തയുമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ''ഇന്ന് ഡല്‍ഹി ഒരു ചവറ്റുകുട്ടയായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, തെരുവുകളുടെ ശോചനീയാവസ്ഥ, ഇതെല്ലാം കെജ്രിവാളിനെ സ്വന്തം സീറ്റ് നഷ്ടമാകുന്നതിലേക്ക് നയിച്ചു. കള്ളം പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണ് പാര്‍ട്ടിയുടെ വിചാരം. നേരത്തെ പറഞ്ഞുകൊണ്ടിരുന്നതില്‍നിന്ന് പാര്‍ട്ടി വ്യതിചലിച്ചു. ബി.ജെ.പിക്ക് എന്റെ അഭിനന്ദനങ്ങള്‍. ജനം പ്രതീക്ഷയോടെയാണ് അവര്‍ക്ക് വോട്ട് ചെയ്തത്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്'' -സ്വാതി മലിവാള്‍ പറഞ്ഞു.

27 വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരം പിടിക്കുന്നത്. 70ല്‍ 47 സീറ്റിലും അവര്‍ മുന്നേറുകയാണ്. കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ പ്രമുഖ എ.എ.പി നേതാക്കള്‍ ബി.ജെ.പി സ്ഥാനാര്‍ഥികളോട് തോല്‍വി ഏറ്റുവാങ്ങി. മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ ജയിച്ചു. തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ എ.എ.പി ഭരണമാണ് ഡല്‍ഹിയില്‍ അവസാനിക്കുന്നത്.