- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം പ്രതീക്ഷിക്കുന്നവർ ഫലം വരുമ്പോൾ അദ്ഭുതപ്പെടും; തനിക്കെതിരെ വോട്ടു ചെയ്യാൻ ചില മുതിർന്ന നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്; ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്നെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; രഹസ്യ ബാലറ്റിൽ തനിക്ക് വോട്ട് വീഴുമെന്ന പ്രതീക്ഷയിൽ ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ 1997 ലെയും, 2000 ത്തിലെയും പോലെ ഏകപക്ഷീയ വിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അദ്ഭുതപ്പെടുമെന്ന് ശശി തരൂർ. തനിക്കെതിരെ വോട്ടുചെയ്യാൻ പല വോട്ടർമാർക്കും അവരുടെ നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, രഹസ്യ ബാലറ്റായതുകൊണ്ട് അവർ തനിക്ക് തന്നെ വോട്ട് ചെയ്‌തേക്കുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം എംപി പറഞ്ഞു. മുതിർന്ന നേതാക്കളെ ഭയന്ന് തന്നെ പരസ്യമായി പിന്തുണയ്ക്കാത്തവരോ, തന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്താത്തവരോ, സ്വകാര്യമായി തനിക്ക് പിന്തുണ നൽകുന്നുണ്ട്. 'അവരുടെ ചില നേതാക്കൾ എന്റെ എതിരാളിക്ക് വോട്ട് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അവരെ പരസ്യമായി എതിർക്കാൻ ഈ വോട്ടർമാർക്കാവില്ല. എന്നാൽ, അത്തരക്കാർ പിന്നീട് എനിക്ക് അനുകൂലമായി വോട്ട് ചെയ്‌തേക്കാം', തരൂർ പറഞ്ഞു.
വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർക്കാണ് വോട്ട് ചെയ്തതെന്ന് തങ്ങളുടെ രാഷ്ട്രീയ ബോസുമാർ കണ്ടുപിടിക്കുമെന്ന ഭയം ഇല്ലാതെ വോട്ടു ചെയ്യാൻ രഹസ്യ ബാലറ്റ് നിർണായകമാണ്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ, തന്റെ സഹപ്രവർത്തകർ തനിക്ക് വോട്ടുചെയ്താൽ, എന്തിന് തിരിച്ചടി ഭയക്കണമെന്നും തരൂർ ചോദിച്ചു.
ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക് പിന്നിൽ മുഴുവൻ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ് തരൂർ ഉന്നയിക്കുന്നത്. പല വോട്ടർന്മാരും തങ്ങൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദത്തെ പറ്റി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും തരൂർ പറയുന്നുണ്ട്.
ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഖാർഗെ ഇപ്പോൾ പ്രചരണം നടത്തുന്നത്. തരൂരും ഉത്തർപ്രദേശിൽ തുടരുകയാണ്. ഇനി ഒരാഴ്ച മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. അതേസമയം മുലായം സിംഗിനോടുള്ള ആദര സൂചകമായി ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂർ റദ്ദാക്കി. കൊൽക്കത്തയിലും അസമിലുമാണ് മല്ലികാർജ്ജുൻ ഖാർഗെയും പ്രചാരണം നടത്തുന്നത്. തരൂരിന്റെ പ്രചാരണം സജീവമായതോടെ ഖാർഗെയും പ്രചാരണത്തിന്റെ വേഗം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ തരൂർ തിരഞ്ഞെടുപ്പിൽ നിന്ന പിന്മാറി എന്ന വ്യാജ സന്ദേശങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്നു. പിന്നാലെ സന്ദേശങ്ങൾക്ക് പ്രതികരണവുമായി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇത് ഒരു വെല്ലുവിളിയാണ്. എന്തുവന്നാലും അതിൽ നിന്നും പിന്മാറില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
വാശിയേറിയ പോരാട്ടത്തിൽ ശശി തരൂരിന് എത്ര വോട്ടുകൾ കിട്ടുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. 9000 പേർക്കാണു കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇതിൽ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്ന് പോലും തരൂരിന് വോട്ട് വീഴുമോയെന്നതാണ് ചോദ്യം. ഇതിനോടകം തന്നെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചില യുവ നേതാക്കളും സോഷ്യൽ മീഡിയയിലെ അണികളുമാണ് തരൂരിന് പിന്നിൽ അണിനിരക്കുന്നത്.
വോട്ടെണ്ണൽ ഒക്ടോബർ 19ന് നടക്കും, അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ