ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചക്കെതിരെ ശശി തരൂര്‍ എംപി എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപി. തരൂര്‍ ഉന്നമിട്ടര് രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും ആണെന്ന് ബിജെപി ആരോപിച്ചു. ഒക്ടോബര്‍ 31-ന് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സാണ്' എന്ന ലേഖനമാണ് ബിജെപി ലക്ഷ്യം ബിഹാര്‍ തിരഞ്ഞെടുപ്പു വേളയില്‍ ഉപയോഗിക്കുന്നത്.

''ഇന്ത്യന്‍ രാഷ്ട്രീയം എങ്ങനെ ഒരു കുടുംബ ബിസിനസ്സായി മാറിയെന്നതിനെക്കുറിച്ച് ഡോ. ശശി തരൂര്‍ എഴുതിയ വളരെ ഉള്‍ക്കാഴ്ചയുള്ള ഒരു ലേഖനം- ഇന്ത്യയിലെ സ്വജനപക്ഷപാതത്തിന്റെ സന്തതിയായ രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു!'' ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല 'എക്‌സി'ല്‍ കുറിച്ചു.

പതിറ്റാണ്ടുകളായി ഒരു കുടുംബം- നെഹ്‌റു ഗാന്ധി കുടുംബം- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ചതെന്ന് ലേഖനത്തില്‍ പറയുന്നതായി ബിജെപി വക്താവ് ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

''ഡോ. തരൂര്‍ ഖത്രോം കെ ഖിലാഡി ആയി മാറിയിരിക്കുന്നു. അദ്ദേഹം സ്വജനപക്ഷപാതത്തിന്റെ സന്തതികളെ അല്ലെങ്കില്‍ നവാബുമാരെ നേരിട്ട് വിമര്‍ശിച്ചിരിക്കുന്നു. ഇത്രയും ധീരമായി സംസാരിച്ചതിന് ഡോ. തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.' ആ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരായതിനാല്‍ താന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഷെഹ്സാദ് പൂനെവാല പറഞ്ഞു.

ലേഖനത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശനയം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി തരൂര്‍ നിലപാട് എടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ഇടയ്ക്ക് തരൂര്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ഇതുവരെ അദ്ദേഹത്തിനെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. ഇതിനിടെയാണ് തരൂര്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കുന്ന ലേഖനുമായി രംഗത്തുവന്നത്.

തരൂരിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍. കുടുംബവാഴ്ച രാഷ്ട്രീയത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയെന്ന് വിശേഷിപ്പിക്കുകയും അത് രാഷ്ട്രീയ നേതൃത്വം പാരമ്പര്യമായി ലഭിക്കാവുന്ന ഒന്നാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതായും തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

''ഈ ആശയം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാകാമെന്ന ആശയം അത് ഉറപ്പിച്ചു. ഈ ആശയം എല്ലാ പാര്‍ട്ടിയിലും എല്ലാ മേഖലയിലും എല്ലാ തലത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യാപിച്ചിരിക്കുന്നു'' ലേഖനത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

ഒഡീഷയിലെ ബിജെഡി, ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി, മഹാരാഷ്ട്രയിലെ ശിവസേന എന്നിവയ്ക്ക് പുറമെ, തമിഴ്‌നാട്ടിലെ ഡിഎംകെ, പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ ഭരണത്തിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ പേരും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

കുടുംബവാഴ്ചയ്ക്ക് പകരം യോഗ്യത മാനദണ്ഡമാക്കാന്‍ ഇന്ത്യക്ക് സമയമായെന്ന് ശശി തരൂര്‍ പറഞ്ഞു. ഇതിന് ടേം ലിമിറ്റുകള്‍ (ഭരണകാലയളവിലെ പരിധി), പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍, യോഗ്യതയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കല്‍ തുടങ്ങിയ വലിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സായി തുടരുന്നിടത്തോളം കാലം യഥാര്‍ത്ഥ ജനാധിപത്യം കൈവരിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.

രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പലപ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായി ബന്ധമുണ്ടാകില്ലെന്നും അവരുടെ ആവശ്യങ്ങളോട് നന്നായി പ്രതികരിക്കണമെന്നില്ലെന്നും എന്നാല്‍ മോശം പ്രകടനത്തിന് അവര്‍ ഉത്തരവാദികളാകണമെന്നില്ലെന്നും' അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താനിലെ ഭൂട്ടോകളും ഷെരീഫുകളും ബംഗ്ലാദേശിലെ ഷെയ്ഖ്, സിയ കുടുംബങ്ങള്‍, ശ്രീലങ്കയിലെ ബണ്ഡാരനായകെമാരും രാജപക്‌സെമാരും പോലെ ഈ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ പ്രവണതയുമായി ലേഖനത്തില്‍ താരതമ്യം ചെയ്യുന്നു, എന്നാല്‍ ഈ പ്രവണത ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍ അസ്ഥാനത്താണെന്നും അദ്ദേഹം എഴുതുന്നു.

കോണ്‍ഗ്രസിനെതിരെ ബി.ജെ.പി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ് അതേപടി ശശി തരൂരും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കേരളത്തിലെ കോര്‍ കമ്മിറ്റിയംഗവുമായ തരൂരിനെതിരെ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസുമായി കൂടുതല്‍ തരൂര്‍ അടുക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ലേഖന വിവാദം ഉണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പു കാലത്താണ് ഈ ലേഖനം.