തിരുവനന്തപുരം: റായ്സിന ഡയലോഗിന്മേല്‍ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.റഷ്യ - യുക്രെയിന്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയ്ക്കും യുക്രെയിനും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ലോകസമാധാനം സ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നുമായിരുന്നു ഡല്‍ഹിയിലെ 'റായ്‌സിന ഡയലോഗ് സമ്മേളനത്തില്‍ തരൂര്‍ പറഞ്ഞത്. ഇത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ വാക്കുകള്‍ ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തിലൂടെ തരൂരിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.