- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്കിസ്താൻ അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീരുക്കൾ, പരമ്പര റദ്ദാക്കാനുള്ള തീരുമാനം അഭിനന്ദനാർഹം'; ബി.സി.സി.ഐയും ഇന്ത്യൻ സർക്കാരും അഫ്ഗാനിസ്ഥാനെ കണ്ട് പഠിക്കണമെന്നും രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ പാക്കിസ്താൻ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ശക്തമായ നിലപാടാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് (എ.സി.ബി) സ്വീകരിച്ചത്. നവംബറിൽ നടക്കാനിരുന്ന പാക്കിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര എ.സി.ബി റദ്ദാക്കിയിരുന്നു. ഈ നിലപാട് ഇന്ത്യയിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പ്രശംസിച്ച് ശിവസേന യു.ബി.ടി രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി രംഗത്തെത്തി.
കായിക വിനോദത്തേക്കാൾ രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും, ഇതിൽ ബി.സി.സി.ഐയും ഇന്ത്യൻ സർക്കാരും അഫ്ഗാനിസ്ഥാനിൽ നിന്ന് പാഠം പഠിക്കണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പ്രാദേശിക അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവർ സൂചിപ്പിച്ചു. അഫ്ഗാനിസ്ഥാൻ ടീമിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രീലങ്കൻ ടീമും പരമ്പരയിൽ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.
'പാക്കിസ്താൻ ഭരണകൂടം നിരപരാധികളായ ഇരകളുടെ രക്തം കുടിച്ച് വളരുകയാണ്. അതിർത്തി കടന്ന് ആക്രമണം നടത്തുന്ന ഭീരുക്കളാണവർ. പാക്കിസ്താനുമായുള്ള പരമ്പര റദ്ദാക്കാനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം അഭിനന്ദനാർഹമാണ്,' പ്രിയങ്ക ചതുർവേദി പറഞ്ഞു. 2009-ൽ പാകിസ്താൻ പര്യടനത്തിനിടെ അവരുടെ ടീമിനെ തീവ്രവാദികൾ ആക്രമിച്ച സംഭവം ഓർമ്മിപ്പിച്ച അവർ, ബി.സി.സി.ഐയിൽ നിന്ന് വ്യത്യസ്തമായി മറ്റ് ഏഷ്യൻ ടീമുകളും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതക്കെതിരെ നിലകൊള്ളുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ പരാമർശം രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് നഷ്ടപ്പെട്ട ജീവനുകളെക്കുറിച്ചാണെന്നും, തീവ്രവാദമാണ് താൻ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നമെന്നും അവർ വ്യക്തമാക്കി. ജീവൻ നഷ്ടപ്പെടുന്നതും കുടുംബങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിക്കുന്നതും യാഥാർഥ്യങ്ങളാണെന്ന് അവർ കൂട്ടിച്ചേർത്തു.