- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകം; സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് തൃണമൂല്‍ എം പി; രാജിഭീഷണി മുഴക്കി മമതയ്ക്ക് കത്ത്
സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് തൃണമൂല്‍ എം പി
കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തത് തെറ്റായരീതിയിലെന്ന് വിമര്‍ശിച്ച് രാജിഭീഷണി മുഴക്കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സിര്‍കാര്‍. സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിഷയം തെറ്റായരീതിയില്‍ കൈകാര്യം ചെയ്തതിനാലാണ് താന്‍ രാജിവെക്കുന്നത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ജവഹര്‍ സിര്‍കാറിന്റെ പ്രതികരണം.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദാരുണസംഭവത്തില്‍ ഒരു മാസത്തോളം താന്‍ ക്ഷമയോടെ കാത്തിരുന്നുവെന്നും മമത ബാനര്‍ജി പഴയ ശൈലിയില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം പരിമിതമാണെന്നും വളരെ വൈകിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. കുറ്റവാളികളെ ശരിയായ രീതിയില്‍ ശിക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം സാധാരണനിലയിലേക്ക് മടങ്ങുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022 ല്‍ മുന്‍ വിദ്യഭ്യാസ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തന്നെ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഉടന്‍ ഡല്‍ഹിയിലെത്തി രാജി സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ആവശ്യപ്പെടുന്നു.