ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിക്കാനിറങ്ങിയ വിജയ്‌ക്ക് ഇപ്പോൾ കഷ്ടകാലത്തിന്റെ നാളുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, തമിഴക വെട്രി കഴകം (ടിവികെ) നേതാവിനെ വട്ടംചുറ്റിക്കുകയാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം. 41 പേരുടെ ജീവനെടുത്ത കരൂർ റാലിയിലെ തിക്കും തിരക്കും വിജയ്‍യുടെ രാഷ്ട്രീയ ഭാവിക്കുതന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇതിനിടെ സ്വന്തം കുടുംബത്തിൽ നിന്നുള്ള എതിർപ്പുകളും വിജയ്ക്ക് ഇരട്ടി പ്രഹരമായി.

ഏറ്റവും ഒടുവിലായി ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വിജയ്‍യെ ശരിക്കും തളർത്തിയിരിക്കുകയാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഇപ്പോൾ പുതിയൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെ ഇനി ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ അത് തമിഴ്നാട്ടിൽ വെച്ചാകണം എന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് ഈ അപേക്ഷ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ദില്ലിയിലെ പടിവാതിൽക്കൽ വീണ്ടും കയറി ഇറങ്ങുന്നതിലെ രാഷ്ട്രീയ നാണക്കേട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. സുപ്രീം കോടതി സമിതിക്കും കത്തിന്റെ പകർപ്പ് നൽകിക്കഴിഞ്ഞു. ശത്രുക്കൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കെ, ഈ നയതന്ത്ര നീക്കം വിജയ്‍യെ തുണയ്ക്കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തെയും സിനിമാ ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്. കേസുമായി ബന്ധപ്പെട്ട തുടർന്നുള്ള അന്വേഷണ നടപടികളും ചോദ്യം ചെയ്യലും തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തുനൽകി.

നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ താൻ ഇതുവരെ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്ന് വിജയ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കുമ്പോൾ ദില്ലിയിലേക്കുള്ള യാത്രകൾ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചു.

ഇനിയുള്ള ചോദ്യം ചെയ്യലുകൾ ചെന്നൈയിലോ തമിഴ്‌നാട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ വെച്ചാകണം.പാർട്ടി നേതാവ് എന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തനിക്ക് വലിയ തിരക്കുകളുണ്ടെന്നും അത് അന്വേഷണത്തെ ബാധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന സുപ്രീം കോടതി നിയോഗിച്ച സമിതി അധ്യക്ഷൻ ജസ്റ്റിസ് അജയ് രാസ്തോഗിക്കും കൈമാറിയിട്ടുണ്ട്.

കരൂർ കേസിൽ ഇതുവരെ മൂന്ന് തവണയാണ് വിജയ് സിബിഐക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണയും, ഏറ്റവും ഒടുവിലായി ഇന്നലെയുമാണ് ചോദ്യം ചെയ്യൽ നടന്നത്. ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ഇന്നലെ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. രാഷ്ട്രീയ എതിരാളികൾ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നത് ഒഴിവാക്കാനാണ് താരം ഉടൻ മടങ്ങിയതെന്ന് ടിവികെ വൃത്തങ്ങൾ വിശദീകരിക്കുന്നു. തമിഴ്‌നാടിന് പുറത്ത് അന്വേഷണം നടക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 27-നാണ് തമിഴ്‌നാടിനെ നടുക്കിയ ആ സംഭവം നടന്നത്. കരൂരിൽ സംഘടിപ്പിച്ച ടിവികെയുടെ ബഹുജന റാലിക്കിടെയുണ്ടായ അതിശക്തമായ തിരക്കിൽപ്പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ക്രമസമാധാന പാലനത്തിലും സംഘാടനത്തിലും വലിയ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നതോടെ കേസ് വലിയ വിവാദമായി.

ആദ്യം പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് സിബിഐ ഏറ്റെടുത്തത്. പാർട്ടിയുടെയും വിജയ്‍യുടെയും രാഷ്ട്രീയ ഭാവിയിൽ ഈ കേസ് നിർണ്ണായകമാണെന്നിരിക്കെ, അന്വേഷണത്തോട് സഹകരിച്ചുകൊണ്ട് തന്നെ പരമാവധി ആനുകൂല്യങ്ങൾ നേടാനാണ് ടിവികെ ലക്ഷ്യമിടുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ കേസിലെ ഓരോ നീക്കവും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.