ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് ഇതോടെ നിർമ്മല സീതാരാമൻ സ്വന്തമാക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പത്ത് ബജറ്റുകളെന്ന റെക്കോർഡിന് തൊട്ടടുത്താണ് ഈ നേട്ടം. ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

സമീപകാലത്തൊന്നും ഞായറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് ഏറെ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28-ൽ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഈ കാരണത്താലാണ് ഇത്തവണ ബജറ്റ് ഞായറാഴ്ച വരുന്നത്. എന്നാൽ, വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025-ലെ ബജറ്റ് നിർമ്മല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. ഇതിനുമുമ്പ് അരുൺ ജെയ്റ്റ്‌ലി 2015 ലും 2016 ലും ഫെബ്രുവരി 28 ശനിയാഴ്ച ദിവസങ്ങളിൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ആദായ നികുതി ഘടനയിൽ ഇളവുകൾ ഉണ്ടാകുമോയെന്നതാണ് രാജ്യത്തെ മധ്യവർഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. സ്വതന്ത്ര വ്യാപാര കരാറുകൾ അടക്കമുള്ള അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കയറ്റുമതി മേഖലയെ പരിപോഷിപ്പിക്കാൻ കൂടുതൽ വകയിരുത്തലുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് കാര്യമായ പ്രഖ്യാപനങ്ങൾ നൽകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചേക്കും.

കേരളത്തിന് ഈ ബജറ്റിൽ വലിയ പ്രതീക്ഷകളാണുള്ളത്. എയിംസ്, അതിവേഗ റെയിൽ പാത, വയനാട് പുനരധിവാസ ഫണ്ട് എന്നിവയുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാനം കാത്തിരിക്കുന്നത്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

പണപ്പെരുപ്പം നേരിടുന്ന മധ്യവർഗത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തുകയോ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധിപ്പിക്കുകയോ ചെയ്തേക്കാം. കയറ്റുമതിയും വ്യാപാരവും വിദേശ വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ വൻതുക വകയിരുത്തുമെന്നാണ് സൂചന. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കൂടുതൽ കരുത്തേകാൻ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) പ്രത്യേക പാക്കേജുകൾ പ്രതീക്ഷിക്കുന്നു.

അതേസമയം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ഈ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള വമ്പൻ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കാം. അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ എന്നിവയിൽ ഊന്നിയുള്ള ഒരു 'ജനപ്രിയ' ബജറ്റാകുമോ ഇതെന്നതാണ് ഏവരും കാത്തിരിക്കുന്നത്.