- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം, യു.പിയിലെ സ്കൂളുകളിലും കോളേജുകളിലും നിർബന്ധമാക്കണം'; ദേശീയ ഗാനത്തോടുള്ള എതിർപ്പ് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും യോഗി ആദിത്യനാഥ്
ലഖ്നോ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാലയങ്ങളിലും കോളജുകളിലും വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടന്ന 'ഏക്താ യാത്ര'യുടെയും വന്ദേമാതരം സമൂഹഗാനാലാപനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസ്നേഹം വളർത്തുന്നതിന് ഈ നടപടി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദേശീയ ഗാനമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് നിർബന്ധമായും ആലപിക്കണം', യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ ഗാനത്തോടുള്ള എതിർപ്പ് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'സമാജ്‌വാദി പാർട്ടി എംപി ദേശീയ ഗാനത്തെ എതിർത്തു, ഇവരാണ് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. എന്നാൽ അതേ സമയം ജിന്നയുടെ പരിപാടികളിൽ സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു.' അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നടത്തിയ ഒരു പരിപാടിയിൽ വന്ദേമാതരം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ദേശീയ ഗാനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യോഗി ആദിത്യനാഥിന്റെ ഈ നടപടി. 1937ൽ ഗാനത്തിലെ ചില വരികൾ ഒഴിവാക്കിയെന്നും ഇത് വിഭജനത്തിലേക്ക് നയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. അത്തരമൊരു മാനസികാവസ്ഥ രാജ്യത്തിന് ഒരു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1875 നവംബർ 7ന് ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് വന്ദേമാതരം രചിച്ചത്. ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിന്റെ ഭാഗമായി 'ബംഗാദർശൻ' എന്ന സാഹിത്യ മാസികയിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. കേന്ദ്ര സർക്കാർ 2024 നവംബർ 7 മുതൽ 2026 നവംബർ 7 വരെയാണ് വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.




