ഗുവാഹത്തി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പു മുറുകവേ ഇക്കുറി ശക്തമായ പോരാട്ടമായിരിക്കും നടക്കുന്നത്. കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗോഗോയിയെ മുഖ്യമന്ത്രി മുഖമാക്കി ഉയര്‍ത്തിക്കട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തീപ്പൊരു പ്രാസംഗികനായ ഗൗരവ് ഗൊഗോയിയെ ബിജെപി ഭയപ്പെടുന്നുണ്ട് താനും. ഇതോടെ പോരാട്ടം മുറുകുമ്പോള്‍ ബിജെപി പ്രധാനമായും ആയുധമാക്കുന്നത് ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്ത് കോള്‍ബര്‍ണിനെ ചുറ്റിപ്പറ്റിയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള എലിസബത്തിന് മേല്‍ പാക്കിസ്ഥാന്‍ ബന്ധം ആരോപിച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തുവന്നത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവകരമാണെന്നും അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എലിസബത്ത് കോള്‍ബര്‍ണിന് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് ബിജെപി ഉയര്‍ത്തുന്ന പ്രധാന ആരോപണം. പാകിസ്ഥാന്‍ പ്ലാനിംഗ് കമ്മീഷന്റെ മുന്‍ ഉപദേഷ്ടാവായിരുന്ന തൗഖീര്‍ ഷെയ്ഖിന് കീഴില്‍ ഇസ്ലാമാബാദില്‍ ജോലി ചെയ്തിരുന്ന സമയത്ത് എലിസബത്ത് രഹസ്യ വിവരങ്ങള്‍ കൈമാറിയതായി എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ശര്‍മ്മ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.

എലിസബത്ത് രഹസ്യരേഖകള്‍ തൗക്വീര്‍ ഷേഖിന് പങ്കുവെച്ചതായി 44 പേജുകളുള്ള എസ്ഐടി റിപ്പോര്‍ട്ട് പറയുന്നുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. രഹസ്യാത്മകത പുലര്‍ത്തുന്നതിന്റെ ഭാഗമായി അത്താരി അതിര്‍ത്തി വഴിയാണ് എലിസബത്ത് പാകിസ്താനിലേക്ക് പോയിരുന്നതെന്നും ഗൊഗോയിയെ വിവാഹം ചെയ്തശേഷം ഒന്‍പതുതവണ അവര്‍ പാകിസ്താനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.

എലിസബത്തിനെ നിയന്ത്രിച്ചിരുന്നത് പാകിസ്താന്‍ ആയിരുന്നെന്ന് പാക് സ്ഥാപനമായ ലീഡ് പാകിസ്താനില്‍നിന്ന് അവര്‍ക്ക് ലഭിച്ച ശമ്പള ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഹിമന്ത ആരോപിക്കുകയും ചെയ്തു. 2013-ലെ പാക് സന്ദര്‍ശനവേളയില്‍ ഗൊഗോയിക്കും ഭാര്യക്കും ലാഹോര്‍ മാത്രം സന്ദര്‍ശിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഇസ്ലാമാബാദും കറാച്ചിയും സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു. ഇതിന് ഗൊഗോയി വിശദീകരണം നല്‍കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.




ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ക്യാബിനറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ഗൗരവ് ഗോഗോയ് രംഗത്തെത്തി. ഹിമന്ത ബിശ്വ ശര്‍മ്മയുടെ പത്രസമ്മേളനം 'സി ഗ്രേഡ് സിനിമയേക്കാള്‍ മോശമാണ്' എന്നായിരുന്നു ഗോഗോയിയുടെ പ്രതികരണം.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കഥകളാണിതെന്നും സെപ്റ്റംബറില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആരാണ് എലിസബത്ത് ഗൊഗോയ്?

യുകെയില്‍ ജനിച്ച എലിസബത്ത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിത്വമാണ്. 2013 ല്‍ ഗൗരവ് ഗൊഗോയിയെ വിവാഹം കഴിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് ആന്‍ഡ് ഡെവലപ്മെന്റ് നോളജ് നെറ്റ്വര്‍ക്കില്‍ (സിഡികെഎന്‍) അവര്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.




സിഡികെഎന്‍ വെബ്സൈറ്റിലെ അവരുടെ രചയിതാവിന്റെ പ്രൊഫൈല്‍ അനുസരിച്ച്, അവരുടെ അവസാന ലേഖനം 2014 മുതലുള്ളതാണ്, ഇന്ത്യയിലും നേപ്പാളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അവരാണ്. 'കാലാവസ്ഥാ വ്യതിയാനം, വികസന നയരൂപീകരണം, ഗവേഷണം എന്നിവയില്‍ പശ്ചാത്തലമുള്ള എലിസബത്ത് 2011 മാര്‍ച്ചില്‍ സിഡികെഎന്നില്‍ ചേര്‍ന്നു. 2009 ലെ യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാ വ്യതിയാന പാക്കേജിന്റെ ചര്‍ച്ചകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന യുറോപ്യന്‍ യൂണിയന്‍ വികസന സഹകരണം നോക്കുന്ന ഓവര്‍സീസ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ODI) ഗവേഷകയായും പ്രവര്‍ത്തിച്ചിരുന്നു.

യുഎസ് സെനറ്റ്, യുഎന്‍ സെക്രട്ടേറിയറ്റ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ എന്‍ജിഒകള്‍ എന്നിവയിലും എലിസബത്തിന് പ്രവര്‍ത്തന പരിചയമുണ്ട്. എലിസബത്തിന്റെ ഈ അന്താരാഷ്ട്ര ബന്ധങ്ങളെയാണ് ഗൗരവ് ഗോഗോയിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി ബിജെപി ഉപയോഗിക്കുന്നത്.

അസം രാഷ്ട്രീയത്തിലെ കീരിയും പാമ്പുമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകനും എംപിയുമായ ഗൗരവ് ഗോഗോയിയും. ഇവര്‍ തമ്മിലുള്ള വാക് പോരുകള്‍ പലപ്പോഴും സര്‍വപരിധികളും ലംഘിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഹിമന്ത അല്‍പ്പം കൂടി കടന്ന് ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്തിന്റെ ബ്രിട്ടിഷ് പൗരത്വവും പാക് ബന്ധവും ആരോപിച്ചു രംഗത്തുവരുന്നത്.