- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് പവാറിന് പകരം ഇനി ആര്? എന്‍സിപിയില്‍ അധികാര വടംവലി രൂക്ഷം; സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകുമോ? അജിത്തിന്റെ സീറ്റില്‍ നിന്ന് മത്സരിച്ചേക്കും; പവാര്‍ കുടുംബത്തില്‍ വീണ്ടും ലയന ചര്‍ച്ചകള്‍; ബിജെപിയുടെ ഉറക്കം കെടുത്തി ശരദ് പവാറിന്റെ കരുനീക്കങ്ങള്‍; അജിത പവാര്‍ അനുയായികള്‍ ആര്‍ക്കൊപ്പം നില്ക്കും?
അജിത് പവാറിന് പകരം ഇനി ആര്?

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ എന്‍സിപിയില്‍ (അജിത് വിഭാഗം) അധികാര വടംവലി രൂക്ഷമാകുന്നു. അജിത് പവാര്‍ ഒഴിഞ്ഞ നിയമസഭാ സീറ്റിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചനകള്‍. അവരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്.
പവാര്‍ കുടുംബത്തില്‍ നിന്ന് അടുത്ത അമരക്കാരി?
അജിത് പവാറിന്റെ വിയോഗമുണ്ടാക്കിയ വിടവ് നികത്താന്‍ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ വേണമെന്ന വികാരമാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലുള്ളത്. സീനിയര്‍ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, സുനില്‍ തട്കറെ എന്നിവര്‍ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
സുനേത്രയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നത് ജനവികാരമാണെന്ന് മഹാരാഷ്ട്ര എഫ്ഡിഎ മന്ത്രി നര്‍ഹരി സിര്‍വാള്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതാക്കള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലായിരിക്കും ഈ പരിവര്‍ത്തന ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ശരദ് പവാറുമായി ലയനമോ?
അജിത് പവാറിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യം ശക്തമാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി (എസ്പി) വിഭാഗവുമായി ലയിക്കുന്നതിനെക്കുറിച്ച് അജിത് പവാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി സൂചനകളുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പവാര്‍ കുടുംബം വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടന്നേക്കാം.
സുനേത്ര പവാറിന് പാര്‍ട്ടിയിലുള്ള സ്വീകാര്യത ലയന ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാകും. അജിത് പവാറിന്റെ വിയോഗം പാര്‍ട്ടിയെ സംബന്ധിച്ച് വലിയ ആഘാതമാണ്. സുനേത്ര പവാറിനെ ഭരണരംഗത്തേക്ക് കൊണ്ടുവരണമെന്നാണ് അണികളുടെ ആഗ്രഹമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് നര്‍ഹരി സിര്‍വാള്‍ പറഞ്ഞു.
സ്വാധീനശേഷിയില്‍ സുനേത്ര പവാര്‍ മുന്നില്‍
അജിത് പവാറിന്റെ ഭാര്യ എന്ന നിലയില്‍ അനുഭാവ വോട്ടുകള്‍ നേടാന്‍ സുനേത്ര പവാറിന് സാധിക്കും. നിലവില്‍ രാജ്യസഭാംഗമായ സുനേത്രയ്ക്ക് ബാരാമതിയിലെ താഴെത്തട്ടിലുള്ള സംഘടനകളില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍, ഭരണപരമായ പരിചയക്കുറവും പാര്‍ട്ടിയെ നയിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും ഇവര്‍ക്ക് വെല്ലുവിളിയാണ്.
വെറുമൊരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്നതിലുപരി സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സുനേത്ര. മറാത്ത്വാഡയിലെ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അവര്‍ വരുന്നത്. മുന്‍ മന്ത്രി പദംസിങ് പാട്ടീലിന്റെ സഹോദരിയാണ്. 2010 മുതല്‍ 'എന്‍വയോണ്‍മെന്റല്‍ ഫോറം ഓഫ് ഇന്ത്യ' (EFOI) എന്ന എന്‍ജിഒ വഴി പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള്‍ക്കായി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ലഭിച്ച 'ഗ്രീന്‍ വാരിയര്‍' അവാര്‍ഡ് അവരുടെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ്.
ബാരാമതി ടെക്സ്റ്റൈല്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ വ്യവസായ മേഖലയിലും അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 'വിദ്യാ പ്രതിഷ്ഠാന്റെ' ട്രസ്റ്റിയായും പൂനെ സര്‍വകലാശാലാ സെനറ്റ് അംഗമായും അവര്‍ പ്രവര്‍ത്തിക്കുന്നു.
-പവാര്‍ കുടുംബത്തിലെ മരുമകളായി ഒതുങ്ങാതെ, സ്വന്തം നിലയില്‍ ഒരു നെറ്റ്വര്‍ക്ക് അവര്‍ കെട്ടിപ്പടുത്തിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയ്‌ക്കെതിരെ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടെങ്കിലും, അത് അവരെ സംസ്ഥാനം ശ്രദ്ധിക്കുന്ന ഒരു നേതാവാക്കി മാറ്റി. തൊട്ടുപിന്നാലെ രാജസഭയിലെത്തിയത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി.
ശരദ് പവാറിന്റെ ലക്ഷ്യങ്ങള്‍
അജിത് പവാറിന്റെ അഭാവത്തില്‍ ചിതറിപ്പോകാന്‍ സാധ്യതയുള്ള എന്‍സിപി വോട്ടുകളെ തിരികെ എത്തിക്കുക എന്നതാകും ശരദ് പവാറിന്റെ ആദ്യ ലക്ഷ്യം. അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷം പാര്‍ട്ടി ലയനത്തിന് അനുകൂലമായി ശരദ് പവാര്‍ ഉപയോഗിച്ചേക്കാം. സുനേത്ര പവാറിനെ തന്റെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ പവാര്‍ ശ്രമിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മഹാരാഷ്ട്രയില്‍ പവാര്‍ കുടുംബത്തിന്റെ ആധിപത്യം വീണ്ടും ചോദ്യം ചെയ്യപ്പെടാത്തതാകും.
എന്‍സിപി (അജിത് വിഭാഗം) നേതാക്കളായ പ്രഫുല്‍ പട്ടേലും ഭുജ്ബലും ശരദ് പവാറുമായി പഴയ ബന്ധം പുതുക്കാന്‍ ഇതിനോടകം ശ്രമം തുടങ്ങിയതായാണ് സൂചന. മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മാറ്റങ്ങള്‍ വലിയ അട്ടിമറികള്‍ക്ക് കാരണമാകും: അജിത് പവാര്‍ ആയിരുന്നു ബിജെപി-ശിവസേന (ഷിന്‍ഡെ) സഖ്യത്തിന്റെ പ്രധാന കരുത്ത്. അദ്ദേഹത്തിന്റെ വിയോഗം സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനത്തെയും വോട്ട് ബാങ്കിനെയും ബാധിക്കും.
മഹാ വികാസ് അഘാഡി (MVA) കരുത്താര്‍ജ്ജിക്കുന്നോ?
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് അജിത് പക്ഷത്തെ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏകപക്ഷീയമായ വിജയം നേടാന്‍ എളുപ്പമാകും. സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ അത് അജിത് പവാറിന്റെ അനുയായികളെ ഒപ്പം നിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ അതോ ശരദ് പവാറിലേക്ക് മടങ്ങുമോ എന്നതിനെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.


