- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേരളത്തിന്റെ എയിംസ് സ്വപ്നം വീണ്ടും തകര്‍ന്നു; പുതിയ പദ്ധതികളില്ല, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അവഗണന മാത്രം; ബജറ്റ് വെറും തലക്കെട്ടുകള്‍ സൃഷ്ടിക്കാനോ എന്ന് ചോദ്യം; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അക്കമിട്ട് നിരത്തി ശശി തരൂര്‍; ഇരുന്നുകൊണ്ട് എംപി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു
ശശി തരൂര്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും ആരോപിച്ച തരൂര്‍, കാര്‍ഷിക മേഖലയെയും തൊഴിലില്ലായ്മയെയും ബജറ്റ് അവഗണിച്ചതായി കുറ്റപ്പെടുത്തി. കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്ത തരൂര്‍, സംസ്ഥാനത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു. പ്രധാന പദ്ധതികള്‍ക്ക് പോലും കുറഞ്ഞ വകയിരുത്തലാണ് ബജറ്റില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാഴായെന്നും, കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പ്രഖ്യാപനങ്ങളാണ് കര്‍ഷകര്‍ക്കായി ഇത്തവണത്തെ ബജറ്റിലുള്ളതെന്നും എംപി വിമര്‍ശിച്ചു. ഇത് ആശങ്കാജനകമാണെന്നും കുരുമുളക് കര്‍ഷകര്‍ക്ക് പ്രത്യേകിച്ചൊന്നും ബജറ്റിലില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് പോലും കഴിഞ്ഞ ബജറ്റിനേക്കാള്‍ കുറഞ്ഞ വകയിരുത്തലാണ് ഇത്തവണയുള്ളത്. സാധാരണക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ ബജറ്റിന് കഴിയില്ലെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. നികുതിഭാരം വ്യക്തികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. പുതിയ തൊഴിലുറപ്പ് പദ്ധതിയെയും അദ്ദേഹം വിമര്‍ശിച്ചു. കാലിന് പൊട്ടലുള്ളതിനാല്‍ ഇരുന്നുകൊണ്ടാണ് ശശി തരൂര്‍ ലോക്‌സഭയില്‍ പ്രസംഗിച്ചത്.
നഗരമേഖലകളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നും, ഇത് യുവാക്കളുടെ സ്വപ്നങ്ങളെ തകര്‍ക്കുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നേരിട്ട് വകയിരുത്തിയ തുക പോലും ഉപയോഗപ്പെടുത്തിയിട്ടില്ല. തീരദേശ മേഖലയിലെ രൂക്ഷമായ കടലേറ്റവും ബജറ്റില്‍ പരിഗണിക്കാതെ പോയെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.


