ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഭരിക്കാന്‍ വേണ്ട പിന്തുണ ഉറപ്പാക്കുമ്പോള്‍ കേരളത്തിന് സമ്പൂര്‍ണ്ണ നിരാശ. ലോക്‌സഭയിലേക്ക് ആദ്യമായാണ് ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത്. തൃശൂരിനെ ഏറ്റെടുത്ത സുരേഷ് ഗോപിക്ക് കേന്ദ്ര കാബിനറ്റ് മന്ത്രിപദം മലയാളി പ്രതീക്ഷിച്ചു. എന്നാല്‍ നല്‍കിയത് പെട്രോളിയം-ടൂറിസം സഹമന്ത്രി സ്ഥാനം. ഒപ്പം മലയാളിയായ ജോര്‍ജ് കുര്യനേയും മന്ത്രിയാക്കി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളവും തൃശൂരും പലതും പ്രതീക്ഷിച്ചു. എന്നാല്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ കേരളമോ തൃശൂരോ ഒരിക്കല്‍ പോലും പരമാര്‍ശിക്കപ്പെട്ടില്ല.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന് കണ്ണീര്‍ ബജറ്റാകുമ്പോള്‍ കേരളത്തിലെ ബിജെപി ഘടകവും ഞെട്ടലിലാണ്. സുരേഷ് ഗോപി പ്രഭാവം ബജറ്റിലുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കുറച്ചു കാലമായി എയിംസ് പ്രഖ്യാപനം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാറില്ല. അതുകൊണ്ട് ബജറ്റില്‍ ഇല്ലെങ്കിലും അത് കേരളത്തിന് സമീപ ഭാവിയില്‍ കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റ് വികസന പദ്ധതികളില്‍ പോലും കേരളമെന്ന പേര് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞില്ലെന്നതാണ് ഞെട്ടലാകുന്നത്.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിനൊപ്പം കേരളത്തില്‍ 20 ശതമാനം വോട്ട് വിഹിതവും ലോക്‌സഭയില്‍ ബിജെപി നേടി. തിരുവനന്തപുരത്ത് രണ്ടാമത് എത്തി. ആലപ്പുഴയിലും ആറ്റിങ്ങലിലും വീറോടെ മത്സരം കാട്ടി. കേരളത്തിലെ പുതിയൊരു വിഭാഗത്തെ ബിജെപി അടുപ്പിച്ചു. വികസന വാഗ്ദാനങ്ങളിലായിരുന്നു ഇതെല്ലാം. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് പരിഗണന പോലും കിട്ടിയില്ല. ബജറ്റിന്റെ അനുബന്ധ രേഖകളില്‍ എന്തെങ്കിലും കാണുമെന്ന പ്രതീക്ഷ ഇപ്പോഴും കേരളത്തിലെ ബിജെപി നേതാക്കള്‍ക്കുണ്ട്.

കേരളത്തില്‍ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചില ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതുകൊണ്ട് തന്നെ ഇനിയുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന നിര്‍ണ്ണായകമാകും.

കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം അവഗണിച്ചു കേന്ദ്ര ധനമന്ത്രി.

അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റില്‍ അവഗണിച്ചു. അതിവേഗ ട്രെയിന്‍ ഉള്‍പ്പെടെ പദ്ധതികളും കേരളത്തിനില്ല. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് വമ്പന്‍ പദ്ധിതികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് പാടെ അവഗണിക്കുകയായിരുന്നു. ബജറ്റ് പ്രസംഗത്തില്‍ ഒരു തവണപോലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (എയിംസ്)ന് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ചില നീക്കങ്ങളും പ്രതികരണങ്ങളും പ്രതീക്ഷകളെ തകിടംമറിച്ചത്. വമ്പന്‍ പദ്ധതികളുടെ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കലാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.