ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. 2005 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടങ്ങിയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്നായിരിക്കുമെന്ന് ബില്ലില്‍ പറയുന്നു. വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം എന്നത് ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ ഭാരം കൂട്ടുന്ന നിര്‍ദേശങ്ങളും ബില്ലില്‍ ഉണ്ട്. ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം.

ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബി ജി റാം ജി) എന്ന തലക്കെട്ടോടെ തയാറാക്കിയ ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബില്ലിനെ അതിശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്തെത്തി. സാധാരണക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകര്‍ക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.

എംപിമാര്‍ക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരും.. തൊഴില്‍ ദിനങ്ങള്‍ പ്രതിവര്‍ഷം 100ല്‍ നിന്നു കുറഞ്ഞതു 125 ദിവസമാകും. നിലവിലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്നതാണു ബില്ലിലെ പ്രഖ്യാപനം. അധികച്ചെലവുണ്ടായാല്‍ സംസ്ഥാനം വഹിക്കേണ്ടി വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് ആശങ്ക നല്‍കുന്നതാണ്. പദ്ധതി മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥ പ്രാമുഖ്യത്തിനു വഴിയൊരുക്കുന്ന മാറ്റങ്ങളുമുണ്ട്.

അതേസമയം ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടിയില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പേര് ഒഴിവാക്കുക എന്നതിലുപരി, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പു പദ്ധതി അവസാനിപ്പിക്കാനുള്ള ആര്‍എസ്എസ് ബിജെപി ഗൂഢാലോചനയാണ് പുതിയ ബില്ലിനു പിന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. വിദേശ മണ്ണില്‍പോയി, ഗാന്ധിജിക്കു പൂക്കള്‍ സമര്‍പ്പിക്കുന്ന മോദിയെ പോലുള്ളവരുടെ നടപടിയിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തിലാണ്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. ഇടതു എംപിമാരുടെ നേതൃത്വത്തിലും രാവിലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഗാന്ധിജിയുടെ ചിന്താധാരയിലെ നെടുംതൂണെന്ന് ശശി തരൂര്‍

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത് വന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ ജി-റാം-ജി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് തരൂര്‍ പറഞ്ഞു. ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് പ്രതികരണം. ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ച് മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം എന്ന് പറഞ്ഞാണ് വിവാദം കത്തിനില്‍ക്കെ തരൂര്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം എംപിയുടെ പ്രതികരണം.

കുറിപ്പ് വായിക്കാം:

'സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ജി-റാം-ജി (G-RAM-G) ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണ്. ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല; മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവ.

ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങള്‍ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തില്‍ ഉതിര്‍ന്നതും 'രാമ'മന്ത്രമായിരുന്നു. ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം.'

2005 ല്‍ യുപിഎ സര്‍ക്കാറായിരുന്നു മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) കൊണ്ടുവന്നത്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയയെ പേരുള്‍പ്പെടെ മാറ്റി പുനഃക്രമീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പേര് മാറിവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ 100ന് പകരം തൊഴില്‍ദിനങ്ങള്‍ 125 ആകും. തൊഴിലിനുശേഷം വേതനം 7 ദിവസം അല്ലെങ്കില്‍ പരമാവധി 15 ദിവസത്തിനകം നല്‍കും. അഥവാ, വേതനം ഈ കാലപരിധിക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ പ്രത്യേകമായി തൊഴിലില്ലായ്മ അലവന്‍സ് നല്‍കാനുള്ള നിര്‍ദേശവും ബില്ലിലുണ്ടാകും.

നിലവില്‍ തൊഴിലുറപ്പ് പദ്ധതി ഫണ്ടിങ്ങില്‍ 90% തുക കേന്ദ്രവും 10% സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. പുതിയ ബില്‍ പ്രകാരം ഇത് 60:40 ആയേക്കും. 40% തുക സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100% തുക കേന്ദ്രം തന്നെ വഹിക്കും.

പദ്ധതിയുടെ പേരും രൂപവും സ്വഭാവവും മാറും

ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎന്‍ആര്‍ജിഎ)യുടെ ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ബില്‍. 2009-ല്‍ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കിയെങ്കിലും പുതിയ ബില്ലിന്റെ പേരില്‍ ഗാന്ധിജിയില്ല. വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബിജിരാം- ജി) എന്നാണ് പുതിയ പേര്. പദ്ധതിയിലെ 90 ശതമാനം കേന്ദ്ര വിഹിതം 60 ശതമാനമാക്കി. (കേന്ദ്രവിഹിത ആനുപാതം 90:10 എന്നത് 60:40 എന്നാക്കി) ബില്ലിനെതിരേ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്തെത്തി. ഇടതുപാര്‍ട്ടികള്‍ പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.

പ്രധാനമാറ്റം

* ഗ്രാമസഭകള്‍വഴി തൊഴിലുറപ്പ് വിഭാവനംചെയ്തിരുന്ന രീതി ഇനിയില്ല

* സംസ്ഥാനങ്ങള്‍ 10 ശതമാനം വിഹിതം വഹിച്ചിരുന്നത് 40 ശതമാനമായി

* വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ജമ്മു-കശ്മീരിലും 90 ശതമാനം നിലനിര്‍ത്തി

* ദിവസക്കൂലി ഒരാഴ്ചയ്ക്കുള്ളില്‍ കൊടുത്തുതീര്‍ക്കണം. പരമാവധി രണ്ടാഴ്ചവരെയാകാം

* 15 ദിവസങ്ങള്‍ക്കകം തൊഴില്‍ നല്‍കാനായില്ലെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം സംസ്ഥാനസര്‍ക്കാര്‍ നല്‍കണം

നേട്ടം തൊഴില്‍ദിനത്തില്‍

ഒരു വര്‍ഷം 100 തൊഴില്‍ദിനങ്ങള്‍ എന്നത് 125 ആക്കി. സംസ്ഥാനത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. അനുവദിക്കുന്ന വിഹിതത്തിന് മുകളിലേക്ക് ചെലവ് വര്‍ധിച്ചാല്‍ അത് സംസ്ഥാനസര്‍ക്കാര്‍ വഹിക്കണം. തൊഴിലാളികളുടെയും ഗ്രാമസഭകളുടെയും സംസ്ഥാനങ്ങളുടെയും നിയന്ത്രണത്തിലുള്ള ഫണ്ട് വിനിയോഗ അധികാരം ഇതോടെ നഷ്ടമാകും. പദ്ധതി ആകര്‍ഷകമായി നടപ്പാക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും.

കാര്‍ഷിക വിളവെടുപ്പ് സമയത്ത് ഇളവ്

കാര്‍ഷിക വിളവെടുപ്പിന്റെ മൂര്‍ധന്യഘട്ടങ്ങളില്‍ മറ്റ് തൊഴിലുകള്‍ അനുവദിക്കരുത്. എന്നാല്‍, പരമാവധി 60 ദിവസം വരെയാകാം. ഇത് ഓരോ സാമ്പത്തികവര്‍ഷവും മുന്‍കൂട്ടി വിജ്ഞാപനം ചെയ്യണം. കാര്‍ഷികസീസണില്‍ ഭൂവുടമകള്‍ക്ക് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുകയും അതുവഴി സംസ്ഥാനങ്ങള്‍ക്ക് ഈ സമയത്ത് വേതനനിരക്ക് കുറച്ചുനിശ്ചയിക്കുന്നതിനും വഴിയൊരുക്കാനാണിത്. അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗമോ ക്രമക്കേടോ സംബന്ധിച്ച പരാതി ലഭിക്കുകയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കേന്ദ്രത്തിന് ബോധ്യപ്പെടുകയും ചെയ്താല്‍ ഇതില്‍ അന്വേഷണം നടത്തുകയോ ഫണ്ട് തടഞ്ഞുെവക്കുകയോ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് പരിഹരിക്കാന്‍ നിര്‍ദേശിക്കുകയോ ആവാം.

പ്രധാനവ്യവസ്ഥകള്‍:

1. നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള പദ്ധതി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കണം

2. 2047-ല്‍ വികസിതഭാരതം എന്ന കാഴ്ചപ്പാടിനനുസൃതമായ പദ്ധതിയാകണം

3. തൊഴിലുറപ്പ് പദ്ധതി നാല് മേഖലകളില്‍ ഊന്നണം- ജലസുരക്ഷയും അനുബന്ധജോലികളും, നിര്‍ണായക ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം, അതിതീവ്ര കാലാവസ്ഥ സൃഷ്ടിക്കുന്ന ദുരന്തപദ്ധതികളുടെ ലഘൂകരണം

4. ഗ്രാമപ്പഞ്ചായത്തുകള്‍ തയ്യാറാക്കുന്ന വികസിത ഗ്രാമപ്പഞ്ചായത്ത് പ്ലാനുകളനുസരിച്ച് തൊഴിലുകള്‍ ആസൂത്രണം ചെയ്യണം. ഇതിനെ പിഎം ഗതിശക്തി മാസ്റ്റര്‍പ്ലാനുമായി സംയോജിപ്പിക്കണം

5. പ്രകൃതിക്ഷോഭംപോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ അനുവദനീയ തൊഴില്‍ദിനങ്ങളുടെ എണ്ണം കൂട്ടുന്നതടക്കമുള്ള ഇളവുകളാകാം

6. പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരന്റി കൗണ്‍സില്‍. കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ക്കും പുറമേ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും 15-ല്‍ കുറയാത്ത പ്രതിനിധികളും കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരു മെമ്പര്‍സെക്രട്ടറിയും വേണം

7. സംസ്ഥാനതലങ്ങളില്‍ സ്റ്റേറ്റ് ഗ്രാമീണ്‍ റോസ്ഗാര്‍ ഗാരന്റി കൗണ്‍സില്‍. പദ്ധതിനടത്തിപ്പില്‍ സംസ്ഥാനസര്‍ക്കാരുകളെ ഉപദേശിക്കല്‍, നടത്തിപ്പ് വിലയിരുത്തല്‍, പരാതിപരിഹാരങ്ങള്‍ കണ്ടെത്തല്‍, വാര്‍ഷികറിപ്പോര്‍ട്ട് തയാറാക്കല്‍ മുതലായവ ചുമതല

8. സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വിതരണക്കാര്യത്തില്‍ ഉപദേശം നല്‍കാനും മറ്റുമായി നാഷണല്‍ സ്റ്റിയറിങ് കമ്മിറ്റിയും സംസ്ഥാനതലങ്ങളില്‍ പദ്ധതിനടത്തിപ്പിനും ഏകോപനത്തിനും മറ്റുമായി സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിയും വേണം. സംസ്ഥാന ചീഫ്‌സെക്രട്ടറി റാങ്കില്‍ കുറയാത്തയാളാകണം അധ്യക്ഷസ്ഥാനത്ത്

9. പഞ്ചായത്ത്തലത്തില്‍ പദ്ധതിയാസൂത്രണത്തിനും മറ്റുമായി പ്രിന്‍സിപ്പല്‍ അതോറിറ്റികള്‍. ജില്ലാ കളക്ടറുടെ റാങ്കില്‍ കുറയാത്ത ജില്ലാ പ്രോഗ്രാം ഓഫീസറും വേണം

10. ഗ്രാമസഭകള്‍ കൃത്യമായ സോഷ്യല്‍ ഓഡിറ്റിങ് നടത്തണം

11. ജിയോസ്‌പേഷ്യല്‍, മറ്റ് അടിസ്ഥാനസൗകര്യപദ്ധതിയിലധിഷ്ഠിതമായ ചട്ടക്കൂട് പ്രകാരമാകണം തൊഴിലുകളുടെ ആസൂത്രണം

12. പദ്ധതിയുടെ സുതാര്യതയും വിശ്വാസ്യതയുമുറപ്പാക്കാന്‍ ബയോമെട്രിക് ഓതന്റൈസേഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ഡാഷ്‌ബോര്‍ഡുകള്‍, മറ്റ് ജിയോസ്‌പേഷ്യല്‍ ടൂളുകള്‍ എന്നിവ നടപ്പാക്കണം

13. രേഖകളെല്ലാം ഡിജിറ്റല്‍ സംവിധാനത്തിലൂടെ

14. നിയമവ്യവസ്ഥാ ലംഘനമുണ്ടായാല്‍ പതിനായിരം രൂപ വരെ പിഴ