- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മഹാമാരിയുടെ അടിയില്‍ നിന്ന് കരകയറി; ഏഴു ശതമാനം വളര്‍ച്ച നേടും; സ്വകാര്യ മേഖലയില്‍ നിയമനവും ശമ്പളവും പോരാ; സാമ്പത്തിക സര്‍വേയില്‍ പറയുന്നത്
ന്യൂഡല്‍ഹി: ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 ലെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കോവിഡ് മഹമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ശക്തമായ രീതിയില്‍ കരകയറിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുകയാണെന്ന് സര്‍വേയില്‍ പറയുന്നു. 2025 സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനും ഇടയില്‍ ജിഡിപി വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 23 നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. നിലവിലെ ആഗോള പരിതസ്ഥിതിയുടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍, കോവിഡില്‍ നിന്ന് കരകയറിയ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആഭ്യന്തരതലത്തില്‍ കാര്യമായ പരിശ്രമം വേണമെന്ന് 476 പേജുള്ള സാമ്പത്തിക സര്‍വേയില്‍ പറയുന്നു.
കഴിഞ്ഞ ഏഴുവര്‍ഷമായി പൊതുനിക്ഷേപമാണ് മൂലധന സൃഷ്ടിയില്‍ നിര്‍ണായക പങ്കുവഹിച്ചത്. സ്വകാര്യ മേഖല 2022 സാമ്പത്തിക വര്‍ഷം മുതല്‍ കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖല ബാറ്റണ്‍ ഏറ്റുവാങ്ങി നിക്ഷേപാന്തരീക്ഷം സജീവമാക്കി നിര്‍ത്തണം.
പണപ്പെരുപ്പം നിയന്ത്രണത്തില്‍
ചില ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നെങ്കിലും, പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലാണ്. 2023 നെ അപേക്ഷിച്ച് 2024 ല്‍ വാണിജ്യ കമ്മി കുറഞ്ഞു. വിദേശ നാണ്യ ശേഖരം മതിയാവോളം ഉണ്ട്. രാജ്യത്ത് ഭക്ഷ്യോല്‍പന്ന വിലനിലവാരം (ഫുഡ് ഇന്‍ഫ്‌ലേഷന്‍) കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തില്‍നിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലം തെറ്റിപ്പെയ്ത മഴ, മോശം മണ്‍സൂണ്‍, വരള്‍ച്ച എന്നിവ കാര്‍ഷികോല്‍പാദനത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ചില്ലറ വിലക്കയറ്റത്തോത് (റീറ്റെയ്ല്‍ ഇന്‍ഫ്‌ളേഷന്‍) 2022-23ലെ 6.7ല്‍ നിന്ന് 2023-24ല്‍ 5.4 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തിക അസമത്വം കൂടുന്നു
രാജ്യത്ത് മൊത്തം വരുമാനത്തിന്റെ 6-7 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള ആദ്യ 6-7 ശതമാനം പേരാണെന്നും വരുമാനത്തിന്റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയില്‍ രണ്ടിലൊന്ന് പേരും തൊഴില്‍ വൈദഗ്ധ്യമുള്ളവരല്ല. നിര്‍മാണ (കണ്‍സ്ട്രക്ഷന്‍) മേഖലയാണ് തൊഴിലവസരങ്ങളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ളവരെ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ ധനക്കമ്മി 2025-26ല്‍ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സര്‍വേ പറയുന്നു.
ചെയ്യേണ്ടത്
ദീര്‍ഘകാല നയ സ്ഥിരത ഉറപ്പാക്കുന്നതിന്, പ്രധാന എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പയറുവര്‍ഗ്ഗങ്ങളുടെ വിസ്തൃതി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകള്‍ക്കായി ആധുനിക സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങള്‍ നടത്താന്‍ സര്‍വേ നിര്‍ദ്ദേശിച്ചു
രാജ്യത്തുണ്ടാകുന്ന രോഗങ്ങളുടെ 54 ശതമാനവും അനാരോഗ്യകരമായ ഭക്ഷണരീതികള്‍ കാരണമാണ്. സമീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആവശ്യകത സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വര്‍ദ്ധിക്കുന്നത് ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കഴിയും.
ബാങ്കിങ് മേഖലയുടെ മികച്ച പ്രകടനം
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ നയ ഇടപെടലുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം 24 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.4% ആയി നിലനിര്‍ത്തി, ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന പണപ്പെരുപ്പം കുറഞ്ഞു.
കോര്‍പ്പറേറ്റ് മേഖല: നിയമനവും ശമ്പളവും പോരാ
കോര്‍പ്പറേറ്റ് മേഖല മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും, നിയമനങ്ങളും ജീവനക്കാരുടെ ശമ്പള വളര്‍ച്ചയും കമ്പനികളുടെ ലാഭത്തിനൊത്ത് ഉയര്‍ന്നില്ല. സ്വകാര്യ മേഖലയിലാണ് പ്രധാനമായി തൊഴില്‍ സൃഷ്ടി നടക്കുന്നത്.
2047 ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രവം സംസ്ഥാനങ്ങളും സ്വകാര്യമേഖലയും കൈകോര്‍ക്കണമെന്നും സാമ്പത്തിക സര്‍വേയില്‍ നിര്‍ദ്ദേശിക്കുന്നു.