- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മോദി വിറയ്ക്കുന്നു, കാരണം എപ്സ്റ്റീന്‍ ഫയലുകളും അദാനിക്കെതിരായ 1111 കേസുകളും; ശതകോടികളുടെ പിആര്‍ പ്രതിച്ഛായയുടെ കുമിള ഉടന്‍ പൊട്ടും; സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യം വിറ്റുതുലച്ചെന്ന് രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലെ വായടപ്പിക്കലിന് പുറത്ത് മറുപടി
രാജ്യം വിറ്റുതുലച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെച്ചതെന്നും ഇതിലൂടെ രാജ്യത്തിന്റെ പുരോഗതി വിറ്റുതുലച്ചുവെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍:
'പ്രധാനമന്ത്രി മോദി വിറച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി തടസ്സപ്പെട്ടു കിടന്നിരുന്ന വ്യാപാര കരാറില്‍ പെട്ടെന്ന് മാറ്റങ്ങളൊന്നും സംഭവിക്കാതെ തന്നെ ഇന്നലെ വൈകുന്നേരം അദ്ദേഹം ഒപ്പുവെച്ചു. ഇതിന്റെ കാരണം എനിക്കും നരേന്ദ്ര മോദിക്കും അറിയാം. അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആയിരക്കണക്കിന് കോടി രൂപ ചെലവാക്കി മോദി കെട്ടിപ്പടുത്ത പ്രതിച്ഛായയുടെ കുമിള ഉടന്‍ പൊട്ടും. മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ അല്ല ഇവിടുത്തെ യഥാര്‍ത്ഥ വിഷയം, അതൊക്കെ വെറും ശ്രദ്ധതിരിക്കല്‍ മാത്രമാണ്. നമ്മുടെ പ്രധാനമന്ത്രി 'കോംപ്രമൈസ്ഡ്' (compromised) ആയിക്കഴിഞ്ഞു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. അത് ആരാണ് ചെയ്തതെന്നും എങ്ങനെയാണ് ചെയ്തതെന്നും ഇന്ത്യന്‍ ജനത ചിന്തിക്കണം.'
അദാനിയും എപ്സ്റ്റീന്‍ ഫയലുകളും:
പ്രധാനമന്ത്രി നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് രാഹുല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'നരേന്ദ്ര മോദി ഭയന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മ്മിച്ചവര്‍ തന്നെ ഇപ്പോള്‍ അത് തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ അദാനിക്കെതിരെ 1,111 കേസുകളുണ്ട്. അവര്‍ ലക്ഷ്യം വയ്ക്കുന്നത് അദാനിയെ മാത്രമല്ല, മോദിയുടെ സാമ്പത്തിക അടിത്തറയെ കൂടിയാണ്. രണ്ടാമത്തെ സമ്മര്‍ദ്ദം എപ്സ്റ്റീന്‍ ഫയലുകളാണ് (Epstein files). പുറത്തുവരാത്ത ഒട്ടേറെ വിവരങ്ങള്‍ ആ ഫയലുകളിലുണ്ട്. രാജ്യം മുഴുവന്‍ അതറിയാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അമേരിക്ക അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അദാനി എന്നത് ബിജെപിയുടെയും മോദിയുടെയും സാമ്പത്തിക ഘടനയാണ്. അതുകൊണ്ട് അദാനിക്കെതിരെയുള്ള നീക്കം മോദിക്കെതിരെയുള്ളതാണ്.'
കര്‍ഷകരെ വിറ്റുതുലച്ചു
'ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തത്. ഈ വ്യാപാര കരാറിലൂടെ നരേന്ദ്ര മോദി ഇന്ത്യന്‍ കര്‍ഷകരുടെ ചോരയും നീരും അധ്വാനവും വിറ്റുതുലച്ചു. അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയതുകൊണ്ടാണ് രാജ്യം വില്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് എന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്.'
ജനറല്‍ നരവനെയുടെ പുസ്തകം:
മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങള്‍ രാഹുല്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ചത് ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. രേഖ ആധികാരികമാണെന്നും കോണ്‍ഗ്രസിന്റെ രാജ്യസ്‌നേഹത്തെ തേജസ്വി സൂര്യ ചോദ്യം ചെയ്തതുകൊണ്ടാണ് തനിക്ക് ഇത് പറയേണ്ടി വന്നതെന്നും രാഹുല്‍ വ്യക്തമാക്കി. 'രാജ്യസ്‌നേഹത്തെക്കുറിച്ച് ഇവിടെ തര്‍ക്കം വേണ്ട, ഞങ്ങളുടെ രാജ്യസ്‌നേഹം ആര്‍ക്കും മുന്നില്‍ അടിയറവ് വെച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


