- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക ശ്രദ്ധ; എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു; രാജ്യം വികസന പാതയിലെന്നു രാഷ്ട്രപതി പാര്‍ലമെന്റില്‍; സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നു; മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് നാളെ
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് നാളെ
ന്യൂഡല്‍ഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക.
മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആയുഷ്മാന്‍ പദ്ധതിക്ക് കീഴില്‍ 70 വയസ്സില്‍ കൂടുതലുള്ള ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ തീരുമാനിച്ചു.
സ്ത്രീകളുടെ നേതൃത്വത്തില്‍ രാജ്യത്തെ ശാക്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. അവര്‍ സേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും പോലീസില്‍ ചേരുന്നതും മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പെണ്‍മക്കള്‍ ഒളിമ്പിക് മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാര്‍ച്ച് 10നു തുടങ്ങി ഏപ്രില്‍ 4 വരെ. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നു. 36 പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താന്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
പ്രയാഗ്രാജിലെ കുംഭമേളയിലെ അപകടത്തില്‍ 30 പേര്‍ മരിച്ച സംഭവം സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള തീരുമാനത്തിലാണു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന യുജിസി കരട് മാര്‍ഗരേഖ, രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ വിഷയങ്ങളുമെല്ലാം സഭയില്‍ ചര്‍ച്ചയാകും. വഖഫ് വിഷയവും വന്യമൃഗ അതിക്രമവുമാണു കേരള എംപിമാര്‍ പ്രധാനമായും ഉന്നയിച്ചത്.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്ലും ബജറ്റ് സമ്മേളനത്തില്‍ ഉള്‍പ്പെടുത്തി. അനധികൃത കുടിയേറ്റം തടയാനുള്ള നിര്‍ദേശങ്ങളാണു ബില്ലില്‍ എന്നാണു സൂചന. 1946 ലെ ഫോറിനേഴ്‌സ് നിയമം, 1920 ലെ പാസ്‌പോര്‍ട്ട് എന്‍ട്രി ടു ഇന്ത്യ, 1939 ലെ റജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് എന്നീ നിയമങ്ങള്‍ക്കു പകരമായിട്ടാകും പുതിയ ബില്‍. ഇതുള്‍പ്പെടെ 3 പുതിയ ബില്ലുകളാണ് സമ്മേളനത്തില്‍ വരുന്നത്.