ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചകള്‍ 'നാടകമാക്കരുത്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യപരമായ പ്രവര്‍ത്തനമാണെന്നും, ഇതിനെ 'നാടകം' എന്ന് വിളിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

വോട്ടര്‍പട്ടികയിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR), ഡല്‍ഹിയിലെ അതിരൂക്ഷമായ വായു മലിനീകരണം തുടങ്ങിയ പൊതുപ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകുമെന്ന് പ്രിയങ്ക ഗാന്ധി സൂചിപ്പിച്ചു.

പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍;

'അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്.ഐ.ആര്‍., വായു മലിനീകരണം എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ്. നമുക്കവ ചര്‍ച്ച ചെയ്യണം. എന്തിനാണ് പാര്‍ലമെന്റ്? വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതും നാടകമല്ല.'

'യഥാര്‍ത്ഥത്തില്‍, ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ജനാധിപത്യപരമായ സംവാദങ്ങള്‍ നടത്താന്‍ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ നാടകം.'

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ഇപ്പോഴും ചില പാര്‍ട്ടികള്‍ക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി പ്രതിപക്ഷം കളിക്കുന്ന കളി ജനങ്ങള്‍ ഇനിയും അംഗീകരിക്കില്ല. അവര്‍ അവരുടെ തന്ത്രം മാറ്റേണ്ട കാലമായിരിക്കുന്നു. അവര്‍ക്ക് ഉപദേശം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്തതില്‍ പുതിയ എം.പിമാര്‍ നിരാശരാണെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റിലെ പ്രകടനത്തിനുള്ള നുറുങ്ങുവിദ്യകള്‍ പ്രതിപക്ഷത്തിന് പറഞ്ഞുകൊടുക്കാന്‍ താന്‍ തയ്യറാണ്. ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തരുതെന്നും മോദി ആവശ്യപ്പെട്ടു.

ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനവും സ്ത്രീകളുടെ പങ്കാളിത്തവും പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും മോദി പറഞ്ഞു. ലോകം ഇതിനെ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ജനാധിപത്യത്തിന് ഫലംനല്‍കാന്‍ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞു. രാജ്യം മുന്നോട്ട് നീങ്ങുന്നതിനു വേണം പാര്‍ലമെന്റ് ശ്രദ്ധ നല്‍കാന്‍. പ്രതിപക്ഷവും അവരുടെ ചുമതല നിര്‍വഹിക്കണം.

അവര്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശയില്‍നിന്ന് പ്രതിപക്ഷം പുറത്തുവരണം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും പരാജയം ദഹിച്ചിട്ടില്ല, കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ച് മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലിയുള്ള കലഹത്തിന്റെ യുദ്ധക്കളമായോ ഗര്‍വിന്റെ പ്രകടനവേദിയായോ പാര്‍ലമെന്റിനെ മാറ്റരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിഭേദമന്യേ യുവ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കണമെന്നും മോദി പറഞ്ഞു. നാടകം കളിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ട്. അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം. എന്നാല്‍, ഇവിടെ നാടകം വേണ്ട. ഇവിടെ വേണ്ടത് കാര്യമാണ്, മോദി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 19-നാണ് അവസാനിക്കുക. 13 ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.