ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയെ ഉപയോഗിച്ചെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഇന്ത്യ–പാക്ക് വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുൽഗാന്ധി ചോദിച്ചു. പാകിസ്താനെ നേരിടാൻ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ടിട്ടാണ് പാകിസ്താനെതിരെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകണം. സൈനിക കേന്ദ്രം ആക്രമിക്കില്ല എന്നു പറഞ്ഞശേഷം സൈന്യത്തെ ആക്രമണത്തിനു വിട്ടാൽ എന്താകും സ്ഥിതിയെന്ന് രാഹുൽ ചോദിച്ചു. കേന്ദ്ര സർക്കാർ 30 മിനിറ്റിനുള്ളിൽ പാക്കിസ്ഥാനു മുന്നിൽ കീഴടങ്ങി. കേന്ദ്രസർക്കാരിന് ആ ഇച്ഛാശക്തിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാക്കിസ്ഥാനെ ആക്രമിക്കാൻ താൽപര്യമില്ലെന്നും അതിനുള്ള ഇച്ഛാശക്തിയില്ലെന്നും കേന്ദ്രസർക്കാർ തുറന്നു പറഞ്ഞു. ഒരിക്കൽ ആക്രമിച്ചെന്നും, ഇനി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്നും, അവരുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമിക്കില്ലെന്നും പാക്ക് അധികൃതരോട് കേന്ദ്രം പറഞ്ഞു.

1971-ലെ യുദ്ധവുമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതിരോധ മന്ത്രി താരതമ്യപ്പെടുത്തിയത്. അന്നത്തെ യുദ്ധത്തില്‍ ഭരണനേതൃത്വത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളത്. അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍ വ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിയപ്പോഴും ബംഗ്ലാദേശില്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞത്. അതാണ് രാഷ്ട്രീയ ഇച്ഛാശക്തി. അവിടെ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു.

സംഘർഷത്തിനിടെ വ്യോമസേനാ വിമാനം വീണെന്ന് ചില സൈനിക ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞു. വിമാനം വീണെങ്കിൽ അത് വ്യേമസേനയുടെ തകരാറല്ല, കേന്ദ്ര സർക്കാരിന്റെ തകരാറാണ്. സൈന്യത്തിന്റെ കൈ കെട്ടിയശേഷമാണ് അവരെ ആക്രമിക്കാൻ പറഞ്ഞു വിട്ടത്. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ ഉപയോഗിച്ചെന്നും രാഹുൽ പറഞ്ഞു.