ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'തൊഴിലവസരങ്ങള്‍ ഒരുങ്ങുന്ന മേഖലയ്ക്ക് ഏത് തരത്തിലുള്ള തലോടലാണ് ബജറ്റ് നല്‍കിയത്. കേരളത്തില്‍ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ - മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

'കേരളത്തില്‍ ചെറുപ്പക്കാരില്ലേ, ഫിഷറീസ് ഇല്ലേ, സ്ത്രീകള്‍ ഇല്ലേ. നിങ്ങള്‍ പോയി വസ്തുതകള്‍ പരിശോധിച്ചുനോക്കൂ. ബജറ്റ് പഠിക്കൂ. പ്രതിപക്ഷം ആരോപിച്ചോട്ടേ. എയിംസിന്റെ കാര്യം എന്താ പറഞ്ഞത്. വരും വന്നിരിക്കും. പക്ഷേ, അതിന് കേരള സര്‍ക്കാര്‍ കൃത്യമായി സ്ഥലം തരണം. എയിംസിന് ഏത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നത്', സുരേഷ് ഗോപി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനു കേന്ദ്രമന്ത്രിമാര്‍ മാത്രമേ ഉള്ളൂവെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരോപിച്ചോട്ടെ എന്നായിരുന്നു മറുപടി.

നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകളാണു വീണുടഞ്ഞത്.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരില്‍ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.

നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ സുരേഷ്‌ഗോപി തയ്യാറായിരുന്നില്ല. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അവര്‍ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.