ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' ബജറ്റില്‍ പ്രഖ്യാപിച്ച്. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബഡ്ജറ്റിനുശേഷം വിഷയം ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ഉറപ്പുനല്‍കി. ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്. കര്‍ഷകര്‍ക്കായുള്ള പദ്ധതികളാണ് ധനമന്ത്രി ആദ്യം അവതരിപ്പിച്ചത്.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവും.

ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി. ഗ്രാമീണ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്.

പയര്‍വര്‍ഗ കാര്‍ഷിക രീതിയില്‍ ആത്മനിര്‍ഭരതയ്ക്കായി ആറുവര്‍ഷ പദ്ധതി.

പഴ-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി.

ബീഹാറില്‍ 'മക്കാന ബോര്‍ഡ്'- മക്കാന കര്‍ഷകര്‍ക്കായുള്ള പദ്ധതി.

പരുത്തി കര്‍ഷകര്‍കരുടെ ഉന്നമനത്തിനായി അഞ്ച് വര്‍ഷത്തെ പദ്ധതി.

7.7 കോടി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍.

ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓര്‍ഗനൈസേഷനാക്കി മാറ്റും.

ഭക്ഷ്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി.