- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഉരുള്‍പൊട്ടലിനെ കുറിച്ച് ഏഴു ദിവസം മുമ്പ് കേരളത്തിന് മുന്നറിയിപ്പ് നല്കി; സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ചു; ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലിനെ കുറിച്ച് കേരള സര്‍ക്കാരിന് ജൂലൈ 23 ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായതോടെ 9 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആളുകളെ യഥാസമയത്ത് ഒഴിപ്പിച്ചില്ല, അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളെ കുറിച്ച് 7 ദിവസം മുമ്പെങ്കിലും മുന്നിയിപ്പ് നല്കാന് സാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്‍ഡിആര്‍എഫ് സംഘങ്ങളുടെ വരവോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍, ഉരുള്‍പൊട്ടല്‍ മൂലമുളള മരണങ്ങള് കുറയ്ക്കാമായിരുന്നു എന്നും ഷാ പറഞ്ഞു. വയനാട് ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം മോദി സര്‍ക്കാര്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 23ന് രണ്ട് തവണയാണ് കേന്ദ്രം കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയത്. 7 ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം എന്തു ചെയ്തൂവെന്നും ചോദിച്ചു പ്രളയ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ നിലയ്ക്ക് നേരത്തേ നല്കുന്ന മുന്നറിയിപ്പുകള്‍ കേരളം ഗൗരവത്തില്‍ പരിഗണിക്കണമായിരുന്നുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് 26ന് വീണ്ടും മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് ലഭിച്ചിട്ടും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവം സംഭവിച്ചുവെന്നാണ് അമിത് ഷായുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജാഗ്രതാ നിര്‍ദേശം നല്കുന്നതില് കേന്ദ്രത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
അതേസമയം വയനാട്ടിലേക്ക് വ്യോമസേന,കരസേന സംഘത്തെ അയച്ചിട്ടുണ്ടെന്നും സൈനിക ഹെലികോപ്റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ഇവര്‍ക്കൊപ്പം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും ആയിരത്തിലധികം ജനങ്ങളെ രക്ഷിക്കാനായെന്നും റായ് പറഞ്ഞു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ചൊവ്വാഴ്ച രാത്രി വയനാട് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.