ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുമ്പോള്‍, മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന് മകന്‍ സജീബ് വസേദ്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് വസേദ് ഇതുപറഞ്ഞത്.

' തല്‍ക്കാലം ഹസീന ഇന്ത്യയില്‍ തങ്ങും. ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുന്ന നിമിഷം അവര്‍ ബംഗ്ലാദേശിലേക്ക് മടങ്ങും' വാസേദ് പറഞ്ഞു.

നൊബേല്‍ സമാധാന പുരസ്‌കാര ജേതാവ് മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്നലെ ചുമതലയേറ്റിരുന്നു. ഇടക്കാല സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍, ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് ഇടക്കാല സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല. 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭം ഹസീന ഭരണകൂടത്തിനും അവാമി ലീഗ് പാര്‍ട്ടിക്കും എതിരെയായിരുന്നു.

നിലവില്‍ ഹസീന ഡല്‍ഹിയിലെ സുരക്ഷിതമായ വസതിയിലാണ്. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും, ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുമായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ പങ്കുവച്ചില്ല.

താന്‍ ചിലപ്പോള്‍ ആവശ്യം വന്നാല്‍, രാഷ്ട്രീയത്തില്‍ ചേര്‍ന്നേക്കുമെന്നും സജീബ് വസേദ് സൂചിപ്പിച്ചു. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ചിലപ്പോള്‍ ജയിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.