തിരുവനന്തപുരം: ആര്‍ ശ്രീലേഖയുട വിവാദ പ്രസംഗത്തില്‍ മറുപടിയുമായി സിപിഎം രാജ്യസഭാ എംപി എ.എ. റഹീം. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സര്‍ക്കാര്‍ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമാണ് വട്ടിയൂര്‍ക്കാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയും ആരോപിച്ചത്.

ശ്രീലേഖയുടെ ആരോപണങ്ങള്‍ 'ശുദ്ധ അസംബന്ധം' ആണെന്നും കേരളത്തെ അപമാനിക്കാനും മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കാനും നടത്തുന്ന ബോധപൂര്‍വ്വമായ പ്രചരണമാണിതെന്നും റഹീം പ്രതികരിച്ചു. സാമുദായിക സ്പര്‍ധ സൃഷ്ടിക്കാനായി സംഘപരിവാര്‍ നടത്തുന്ന കൃത്യമായ നീക്കമാണിതെന്നും ബിജെപി സ്ഥാനാര്‍ഥിയുടെ ഈ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു റഹീമിന്റെ പ്രതികരണം.

നേരത്തേ ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാല്‍, നിലവിലെ സര്‍ക്കാര്‍ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍പോലും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഒരു സഹായവും ലഭിച്ചില്ല. മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.