പാലക്കാട്: പാലക്കാടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്‍ കലാപം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി. തിരഞ്ഞെടുപ്പ് കാലത്തുയരുന്ന സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള പരിഭവങ്ങള്‍ താല്‍ക്കാലികം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റാണ് പാലക്കാട്, ഈ സീറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്, യോഗ്യതയുള്ള ആളുകളുണ്ട്. അവസാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കും. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കുറച്ച് ദിവസം ആരെങ്കിലുമൊക്കെ പരിഭവം പറഞ്ഞാലും കുറച്ച് ദിവസം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

'ഞാന്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. 1968ല്‍ പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് വേണ്ടി മാസങ്ങളോളം പാലക്കാട് ജില്ലയില്‍ താമസിച്ച് പാലക്കാട്ടെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. മലമ്പുഴ ഉപതിരഞ്ഞെടുപ്പില്‍ സുഹൃത്ത് മത്സരിച്ചപ്പോള്‍ അവിടേയും മാസങ്ങളോളം താമസിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനങ്ങളെ കുറിച്ച് സാമാന്യം നല്ല അറിവുള്ള പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഇത്തവണ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്'- എ.കെ ആന്റണി പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് കുത്തനെ കുറയും. അതുകൊണ്ടാണ് രാഹുലിന്റെ ഭൂരിപക്ഷം കൂടുമെന്ന് പറയുന്നത്. ഉരുള്‍പൊട്ടലുണ്ടായി തകര്‍ന്നുനില്‍ക്കുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് വയനാടിനെ പിടിച്ചുയര്‍ത്താന്‍ സഹായിക്കും. രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ് തിരിച്ചുപിടിക്കും. ചേലക്കര വീണ്ടും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയാവും. ഹാട്രിക് വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടാന്‍ പോവുന്നതെന്നും' എ.കെ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.