- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിക്കെത്തുമോ? പ്രിയങ്കയുടെ ഘോഷയാത്രയില്‍ തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും ഉണ്ടായില്ലേ; വിവാദ പ്രസ്താവനയുമായി എ വിജയരാഘവന്‍; പ്രതിരോധത്തിലായി സിപിഎം
മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിക്കെത്തുമോ?
സുല്‍ത്താന്‍ ബത്തേരി: വിവാദ പ്രസ്താവനയുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദഹം ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ വിവാദ പരാമര്‍ശങ്ങള്‍. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
നമ്മുടെ രാജ്യത്തിന്റെ തകര്‍ച്ചയിലേക്ക് നോക്കണമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമര മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണ നേതൃത്വമുള്ള നാടല്ലെന്നും അദ്ദേഹം പറഞ്ഞു. ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തില്‍ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവര്‍ത്തിക്കുന്ന, സങ്കീര്‍ണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയില്‍ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
'വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ' വിജയരാഘവന്റെ വാക്കുകള്‍.
കേരളസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാന്‍ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവര്‍ക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തിയതും കേരളത്തില്‍ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവന്‍ ആരോപിച്ചു.
അതേസമയം വിജരാഘവന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. സൈബറിടത്തിലൂടെ കോണ്‍ഗ്രസ് അണികളും വിജയരാഘവനെ വിമര്‍ശിച്ചു. അതേസമയം നേരത്തേ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ വിജയരാഘവന്‍ ന്യായീകരിച്ചത് വിവാദമായിരുന്നു. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഐഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്.
'റോഡില്‍ പൊതുയോഗം വച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ. 25 കാറു പോവുമ്പോള്‍ 25 ആളേ പോകുന്നുള്ളൂ എന്നതാണ് സത്യം. കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ജാഥ നടത്താനും അനുവാദം വേണ'മെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.