തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് സംബന്ധിച്ച വിവാദം തിരുവനന്തപുരത്തെ സിപിഎമ്മില്‍ പൊട്ടിത്തെറിയാകുന്നു. പരാതികളൊന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പറയുമ്പോഴും ഇത് വലിയ വിവാദമായി മാറും. ഫണ്ട് സ്വരൂപിച്ചവരുമായി പാര്‍ട്ടിക്കു ബന്ധമില്ല. മാനവീയം വീഥിയില്‍ എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത് എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് അറിഞ്ഞാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്നും വി.ജോയി പറഞ്ഞു. അതിനിടെ ആരോപണം സിപിഎം സംസ്ഥാന നേതൃത്വവും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് എന്ന പേരില്‍ ഫണ്ട് പിരിവ് നടത്തിയത്. ഇതിന് പിന്നിലുള്ളവരെല്ലാം സിപിഎമ്മുകാരാണ്. 2018 ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ധനസമാഹരണത്തോട് നൂറുകണക്കിന് ആളുകള്‍ സഹകരിച്ചിരുന്നു. ആറര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അഭിമന്യു പഠിച്ച വട്ടവടയിലെ സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും ഫണ്ട് പിരിവ് നടത്തിയ കൂട്ടായ്മയുടെ ഭാരവാഹികള്‍ പ്രതികരിച്ചു. സമാഹരിച്ച തുകയുടെ പലിശയാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പായി നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി. ഏതായാലും വിവാദമായ സാഹചര്യത്തില്‍ അതിവേഗം പണം നല്‍കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതിനിടെ പാര്‍ട്ടിക്കുള്ളില്‍ രക്തസാക്ഷിയെ മുന്‍നിര്‍ത്തി പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യത്തിന് ഉടന്‍ സ്‌കോളര്‍ഷിപ് നല്‍കുമെന്നാണു നേതൃത്വത്തിന്റെ മറുപടി. ആറു വര്‍ഷം മുന്‍പു പിരിവു നടത്തിയെങ്കിലും ഇതുവരെ സ്‌കോളര്‍ഷിപ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മറുപടിയില്ല. രസീത് പോലും നല്‍കാതെ നടത്തിയ പണപ്പിരിവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ ജില്ലാ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യു (20) 2018 ജൂലൈ 2നാണു കൊല്ലപ്പെട്ടത്. സംഭവത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതോടെ മാനവീയം തെരുവിടം കള്‍ചറല്‍ കലക്ടീവിന്റെ നേതൃത്വത്തില്‍ ഫണ്ട് പിരിവ് ആരംഭിച്ചു. അഭിമന്യുവിന്റെ പേരില്‍ സ്‌കോളര്‍ഷിപ് നല്‍കുമെന്ന പ്രചാരണത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്.

സിപിഎം സഹയാത്രികന്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരത്തുകകള്‍ സ്‌കോളര്‍ഷിപ് ഫണ്ടിലേക്കു കൈമാറി. പുകസ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖിയും ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജുമാണ് മാനവീയം തെരുവിടം കള്‍ചറല്‍ കലക്ടീവിന്റെ ചെയര്‍മാനും കണ്‍വീനറും. പിരിവിനെ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പിരിവിനെ എതിര്‍ത്തിരുന്നു. സ്‌കോളര്‍ഷിപ് ആര്‍ക്കാണു കൊടുക്കുന്നതെന്നും മാനദണ്ഡം എന്താണെന്നും അദ്ദേഹം ആരാഞ്ഞിരുന്നു.

അതിനിടെ അഭിമന്യു സ്മാരക സ്‌കോളര്‍ഷിപ് അടുത്തമാസം നല്‍കുമെന്നു മാനവീയം തെരുവിടം കള്‍ചറല്‍ കലക്ടീവ് ചെയര്‍മാന്‍ വിനോദ് വൈശാഖിയും കണ്‍വീനര്‍ കെ.ജി.സൂരജും അറിയിച്ചു. വട്ടവടയില്‍ അഭിമന്യു പഠിച്ച സ്‌കൂളിലെ പ്രഥമാധ്യാപകനുമായി സ്‌കോളര്‍ഷിപ് നല്‍കേണ്ട കുട്ടികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.