കോതമംഗലം: മുസ്‌ളീം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച പുതിയ കമ്മിറ്റിയുടെ യോഗം പ്രവര്‍ത്തകര്‍ തടഞ്ഞു. കോതമംഗലം മുസ്‌ളീം ലീഗിലാണ് സംഭവം. പുതിയ നിയോജകമണ്ഡലം ഭാരവാഹികള്‍ ലീഗ് ഹൗസില്‍ പ്രഥമയോഗം ചേരാനായി ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പുതിയ കമ്മിറ്റി യോഗം ചേരുന്നുണ്ടെന്ന് അറിഞ്ഞ് എതിര്‍ വിഭാഗം പ്രതിഷേധവുമായി രാവിലെ തന്നെ രംഗത്ത് എത്തിയിരുന്നു. എതിര്‍ വിഭാഗത്തിനാണ് ഭൂരിപക്ഷം കൂടുതല്‍.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ച നേതൃത്വത്തെയാണ് മറ്റ് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യോഗം നടത്താനാകാതെ പുതിയ ഭാരവാഹികള്‍ മടങ്ങി. എന്നാല്‍ പ്രതിഷേധക്കാര്‍ പോയതോടെ വീണ്ടും ലീഗ് ഹൗസില്‍ എത്തി യോഗം ചേര്‍ന്നതിന് ശേഷം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു.

നിയോജകമണ്ഡലത്തില്‍ അടുത്ത നാളായി ഉണ്ടായിട്ടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലെ വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് ജില്ലയില്‍ പുതിയ ഗ്രൂപ്പ് ഉടലെടുത്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഒരു പഞ്ചായത്തിലും കമ്മിറ്റിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി പുതിയ കമ്മിറ്റിക്കെതിരേ വെള്ളിയാഴ്ച വൈകീട്ട് നാലിന് കോതമംഗലം ലയണ്‍സ് ഹാളില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്.

പാര്‍ട്ടി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഒരു സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനമാണ് ജില്ലയിലും കോതമംഗലത്തും മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ, ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് പ്രവര്‍ത്തനം പല്ലാരിമംഗലം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കോതമംഗലം മണ്ഡലത്തിലെ ഏകപക്ഷീയമായ കമ്മിറ്റികളെ പഞ്ചായത്തുകളില്‍ പാര്‍ട്ടി മീറ്റിങ്ങുകള്‍ നടത്തുവാന്‍ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് പ്രവര്‍ത്തകര്‍. ഇത് യു.ഡി.എഫിനെയും സാരമായി ബാധിച്ചതായി യു.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നു.