അടൂർ: വിജിലൻസിൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയുടെ നോമിനിയുമായ കൗൺസിലർ ഷാജഹാനെ അടൂർ നഗരസഭാ ചെയർപേഴ്സൺ ആക്കാനുള്ള നീക്കത്തിന് തിരിച്ചടി. മറ്റൊരു സിപിഎം കൗൺസിലർ മഹേഷ്‌കുമാർ കൂടി അവകാശവാദവുമായി രംഗത്ത് വന്നതോടെ ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിൽ സ്ഥാനമൊഴിഞ്ഞ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദിനെ ചെയർപേഴ്സൺ ആക്കി വിവാദം തൽക്കാലം അവസാനിപ്പിച്ചു. മറ്റു രണ്ടു പേർക്കും ഓരോ വർഷം വീതം ചെയർമാൻ സ്ഥാനം നൽകാമെന്ന അനൗദ്യോഗിക ധാരണയുടെ പുറത്താണ് വിവാദം അവസാനിപ്പിച്ചത് എന്നാണ് സൂചന. സിപിഐയിലെ രാജി ചെറിയാനാണ് വൈസ് ചെയർപേഴ്സൺ.

സിപിഐ-സിപിഎം ധാരണയെ തുടർന്ന് സിപിഐയിലെ ഡി. സജി രാജി വച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഡി. സജിക്കൊപ്പം വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദും രാജി വച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഷാജഹാനെ അടുത്ത ചെയർമാൻ ആക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, പട്ടികജാതി ഭൂമി തട്ടിപ്പ് അടക്കം വിജിലൻസ് കേസുകളിൽ പ്രതിയായിട്ടുള്ള ഷാജഹാനെതിരേ സിപിഎം സംസ്ഥാന നേതൃത്വത്തിന് അടൂരിൽ നിന്ന് പരാതി പോയിരുന്നു.

എന്തു വന്നാലും ഷാജഹാനെ തന്നെ ചെയർമാനാക്കും എന്ന കർശന നിലപാടിലായിരുന്നു ഉദയഭാനുവും കൂട്ടരും. ഇതിനിടെയാണ് മറ്റൊരു സിപിഎം കൗൺസിലർ മഹേഷ്‌കുമാർ ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്. തർക്കം മുറുക്കുന്നതിനിടെ പാർട്ടി സെക്രട്ടറിയേറ്റ് ചേർന്ന് ദിവ്യയെ ചെയർപേഴ്സൺ ആക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴി ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്വാധീനം നേടാമെന്നും നേതൃത്വം ലക്ഷ്യമിടുന്നു. ചെയർമാൻ സ്ഥാനമോഹികളെ സമാശ്വസിപ്പിക്കാനാണ് ഓരോ വർഷം വീതം പദവി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. ഉദയഭാനു അടക്കമുള്ള സിപിഎമ്മിലെ അടൂർ ലോബിക്ക് തിരിച്ചടിയാണ് ദിവ്യയുടെ ചെയർപേഴ്സൺ സ്ഥാനം.

തിങ്കളാഴ്ച രാവിലെ11ന് അടൂർ ആർ ഡി. ഒയും വരണാധികാരിയുമായിരുന്ന എ.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ദിവ്യാ റെജി മുഹമ്മദിന് 16 വോട്ടുകൾ ലഭിച്ചു. ദിവ്യയ്ക്ക് എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വി.ശശികുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ദിവ്യയുടെ പേര് മുൻ നഗരസഭ ചെയർമാൻ ഡി.സജി നിർദേശിച്ചു. കൗൺസിലർ എം.അലാവുദ്ദീൻ പിൻതാങ്ങി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരെഞ്ഞെടുപ്പിൽ രാജി ചെറിയാന് 16 വോട്ടുകൾ ലഭിച്ചു. എതിരായി മത്സരിച്ച യു.ഡി.എഫിലെ ബിന്ദു കുമാരിക്ക് 11 വോട്ടും ലഭിച്ചു. ബിജെപി. കൗൺസിലർ ശ്രീജാ.ആർ. നായർ ബാലറ്റ് കൈപ്പറ്റാതെ രണ്ടു തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.