തൃശ്ശൂര്‍: തൃശൂരില്‍ അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവ് അഡ്വ. എന്‍ വി വൈശാഖനെ മടക്കിക്കൊണ്ടു വരാന്‍ പാര്‍ട്ടിക്കുള്ളില്‍ നിര്‍ദ്ദേശം. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ആണ് നിര്‍ദ്ദേശം.

നിര്‍ദ്ദേശം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ വൈശാഖനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സഹപ്രവര്‍ത്തക ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈശാഖിനെ തരംകാഴ്ത്തിയത്. എംവി ഗോവിന്ദന്‍ പങ്കെടുത്തുകൊണ്ട് തൃശൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലായിരുന്നു വൈശാഖനെ മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശം ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പാണ് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ വൈശാഖനെതിരെ നടപടിയെടുക്കുന്നത്.

ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കി. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ ഇതുമായി ബന്ധപ്പെട്ട പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനല്‍ ലിസ്റ്റിലേക്ക് ഇദ്ദേഹത്തെ മടക്കി കൊണ്ടുവരികയും ചെയ്തു.

അതിനുശേഷമാണ് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടത്.

കൊടകര ഏരിയ കമ്മിറ്റിയിലേക്ക് ആണ് വൈശാഖനെ തിരിച്ചെടുക്കുന്നത്. പാര്‍ട്ടി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ കുടുങ്ങി അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ നേതാവ് പി.ബി. അനൂപിനെ കുന്നംകുളം ഏരിയ കമ്മിറ്റിയിലേക്കും തിരിച്ചെടുക്കും. അതേസമയം ഒരു വര്‍ഷം അച്ചടക്ക നടപടി നേരിട്ടു എന്നതാണ് സിപിഎം വിശദീകരിക്കുന്നത്. വൈശാഖന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അതിനിടെ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ കഴിഞ്ഞ മാസം വൈശാഖന്‍ പങ്കെടുത്തിരുന്നു.

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച ഘട്ടത്തിലാണ് വൈശാഖനെതിരേ മറ്റൊരു പരാതി പുറത്തുവന്നത്. അതോടെ തീരുമാനം വൈകി. പാര്‍ട്ടിയുടെ പുതിയ മുഖവും ശബ്ദവുമായി ചര്‍ച്ചകളിലും പ്രതിരോധങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെത്തിയത്. അതിനുശേഷമാണ് കരുവന്നൂര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായത്.

ഇതിനെതിരേ ശക്തമായ പ്രതികരണവുമായി എത്താന്‍ ശേഷിയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ പ്രതിസന്ധികള്‍ നീങ്ങി പാര്‍ട്ടി ശക്തമായ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ് വൈശാഖനെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കുന്നതു സംബന്ധിച്ച് തീരുമാനമായത്. അതേസമയം രാഹുലിനെതിരെ സിപിഎമ്മു യുവജന സംഘടനകളും സമരം നടത്തുമ്പോള്‍ തന്നെയാണ് വിവാദത്തില്‍ പെട്ട് വൈശാഖനെ പാര്‍ട്ടി തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നാണ് എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന കാര്യം.