- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതാര്? അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്; തിരുവഞ്ചൂരിന് അന്വേഷണ ചുമതല; വെടിനിര്ത്തലുണ്ടാകുമോ?
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയ വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തില്‍ കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡും. കെപിസിസി യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവരെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് എഐസിസി. ആരാണ് വാര്‍ത്ത ചോര്‍ത്തിയതെന്ന് കണ്ടെത്തണമെന്നാണ് കെപിസിസിയോട്് നിര്‍ദേശിച്ചിരിക്കുന്നത്.
കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. യോഗത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ ദീപദാഷ് മുന്‍ഷി നിര്‍ദേശിച്ചിരിക്കുന്നത്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. തുടര്‍ നടപടികള്‍ എഐസിസി സ്വീകരിക്കും. പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്ന പശ്ചാത്തലത്തിലാണ് നടപടി.
വയനാട് നേതൃക്യാമ്പിലെയും ഭാരവാഹി യോഗത്തിലെയും ചര്‍ച്ചകളുടെ വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഹൈക്കമാന്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. പാര്‍ട്ടി യോഗത്തിലെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായാണ് ഹൈക്കമാന്‍ഡ് ആരോപണം. യോഗങ്ങളിലെ വിമര്‍ശനങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കമാന്റിന്റെ നിര്‍ണായക ഇടപെടല്‍. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതാണെന്നും ചെറിയ കാര്യങ്ങള്‍ പര്‍വതീകരിക്കുന്നവര്‍ക്ക് എതിരെ മുഖംനോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്യുമ്പോള്‍ ചെറിയ വീഴ്ചകള്‍ ഉണ്ടാകും. അത് പര്‍വതീകരിക്കണ്ട അവശ്യമില്ല. ചെറിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
അതേസമയം കെ സുധാകരനും വിശദമായ പരാതികള്‍ എഐസിസി നേതൃത്വത്തിന് മുന്നില്‍ എത്തിച്ചിരുന്നു. സതീശന് തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന പരാതിയാണ് കെപിസിസി അധ്യക്ഷനുള്ളത്. വയനാട്ടെ യോഗത്തില്‍ കെപിസിസി ഓഫീസില്അനാശാസ്യം നടക്കുന്നുവെന്ന തരത്തില്‍ സതീശന് പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതടക്കം സതീശന് നിഷേധിച്ചില്ലെന്നും തന്നെ താറടിച്ചു കാട്ടാനാണ് ശ്രമമെന്നും സുധാകരന് കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ്ദാസ് മുന്‍ഷിയെ അറിയിച്ചിരുന്നുവെന്നാണ് സൂചന. കാര്യകാരണങ്ങള്‍ സഹിതമാണ് സുധാകരന്റെ വിശദീകരണം.
കേരളത്തിലെ കെപിസിസി പരിപാടികളെല്ലാം ചിലര്‍ കുളമാക്കുന്നുവെന്നാണ് സുധാകരന്റെ പരാതി. കേരള പര്യടനത്തിനിടെ ആലപ്പുഴയില്‍ താമസിച്ചെത്തിയ പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാടുകള്‍ ഹൈക്കമാണ്ടിന് മുന്നില്‍ വച്ചിട്ടുണ്ട്. കെപിസിസിയില്‍ അനാശാസ്യം നടക്കുന്നുവെന്ന് വയനാട്ടില്‍ പ്രസംഗിച്ച ശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി. കെപിസിസി ഭാരവാഹി യോഗത്തിലെ വിമര്‍ശനത്തിലെ നേതാക്കളുടെ പേര് പുറത്തു വിട്ടതും തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളാണ്.
നിലവില്‍ കെപിസിസി അധ്യക്ഷന്‍ വിദേശയത്രയിലാണ്. അതുകൊണ്ട് തന്നെ സുധാകരന് തിരിച്ചെത്തിയാല്‍ മാത്രമേ പ്രശ്ന പരിഹാര ചര്‍ച്ച സാധ്യമാകുകയുള്ളൂ. ഇപ്പോഴത്തെ വിഷയങ്ങള്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സുധാകരനെ നീക്കാനുള്ള ശ്രമത്തിലേക്ക് എത്തുമോ എന്നാണ് അറിയേണ്ട്. ഇരു നേതാക്കള്‍ തമ്മിലുള്ള ബന്ധം അത്രയ്ക്ക് വഷളാണ് എന്നതാണ് വാസ്തവം.