കണ്ണൂര്‍: കെപിസിസി പ്രസിഡന്റും പേരാവൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ.സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്

കെ.പി.സി.സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായാണ് മുന്‍ ഡിഡിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വര്‍ഗീസ് തെരഞ്ഞെടുപ്പിനു ശേഷം രംഗത്തുവന്നത്.

കെ സുധാകരനെതിരെ അയച്ച കത്തിലെ ഒപ്പ് ശാസ്ത്രീയമായി പരിശോധിക്കണം. ഒപ്പ് തന്റെ താണെന്ന് തെളിയിച്ചാല്‍ സണ്ണി ജോസഫ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോയെന്ന് തോമസ് വര്‍ഗീസ് വെല്ലുവിളിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തില്‍ തന്നെ വളര്‍ത്തിയ മുഴുവന്‍ ഗുരു സ്ഥാനിയരേയും പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയ വ്യക്തിയാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മല്‍സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണ്. കെ സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാവാന്‍ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നില്‍ നിന്ന് കുത്തിയത്.കെ സുധാകരനെ മല്‍സരിപ്പിക്കാതിരിക്കാന്‍ എഐസിസിക്ക് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെ തുതന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടതാണ്.

മുന്‍കാല തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് കെ പി നൂറുദ്ദീനെയും, എ ഡി മുസ്തഫയെയും തോല്‍പ്പിച്ചത് സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നുവെന്നും തോമസ് വര്‍ഗീസ് പറഞ്ഞു. സണ്ണി ജോസഫ് അധികാരം ഉപയോഗിച്ച് തന്റെ കുടുംബാഗങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാങ്ങികൊടുത്തു. അദ്ദേഹത്തിന്റെ മകള്‍ക്ക് ജോലി കൊടുത്തത് മതിയായ യോഗ്യതയില്ലാതെയാണ്. എന്നാല്‍ ഒരൊറ്റ പാര്‍ട്ടി പ്രവര്‍ത്തകനും ഇദ്ദേഹം ഒരു ഉപകാരവും ചെയ്തിട്ടിലെന്നും തോമസ് വര്‍ഗീസ് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ കമ്മിറ്റി നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ട് അന്നത്തെ ഡിസിസി പ്രസിഡന്റായ സണ്ണി ജോസഫ് മുക്കി. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എന്‍ രാമകൃഷ്ണനില്‍ നിന്ന് സംഘടന തിരഞ്ഞെടുപ്പ് ചെലവിലേക്കെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ കൈകലാക്കി. പിന്നീട് എന്‍ രാമകൃഷ്ണനെതിരെ മല്‍സരിക്കുന്ന കെ സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായെന്നുംതോമസ് വര്‍ഗീസ് ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വൈകീട്ട് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പാര്‍ടി ഭരണഘടന പ്രകാരമല്ലെന്ന് വര്‍ഗീസ് തോമസ് പറഞ്ഞത്. ഏകപക്ഷീയമായി തന്റെ വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്താക്കിയത്, അതിന് മുന്‍പ് നടപടി എടുത്തിരുന്നുവെങ്കില്‍ പേരാവൂരില്‍സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ തനിക്കാവുമെന്ന് അവര്‍ക്കറിയാവുന്നത് കൊണ്ടാണ്. ദീര്‍ഘകാലം സണ്ണി ജോസഫിനൊപ്പം നിന്ന തനിക്ക് അദ്ദേഹത്തെ കുറിച്ച് വെളിപ്പെടുത്താന്‍ പല കാര്യങ്ങളുമുണ്ടെന്നും തോമസ് വര്‍ഗീസ്പറഞ്ഞു.

ക്രിസ്ത്യാനികള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണം നടത്തി റോമന്‍ കത്തോലിക്ക സഭയുടെ പ്രതിനിധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരണമെന്ന് സഭയിലെ ബിഷപ്പുമാര്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതു കൊണ്ടാണ് സണ്ണി ജോസഫ് കെ പി സി സി അദ്ധ്യക്ഷ പദവിയിലെത്തിയത് കണ്ണൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ നേതാക്കളെ മുഴുവന്‍ വെട്ടി നിരത്തി. പൈലി വാത്യാട്ട് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ടത് സണ്ണി ജോസഫിന്റെ കുത്തി തിരിപ്പുകാരണമാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.

തന്നെ വളര്‍ത്തി വലുതാക്കിയവരെയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിച്ച നേതാവാണ് സണ്ണി ജോസഫ്. കെ.പി. നൂറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ രഹസ്യ യോഗം ചേര്‍ന്നു. പേരാവൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി ഒന്നും തന്നെ എം എല്‍ എ യെന്ന നിലയില്‍ ചെയ്തിട്ടില്ല. ഇരിട്ടി താലൂക്ക് ഓഫീസ് വന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെടുത്ത തീരുമാനപ്രകാരമാണെന്ന് തോമസ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.