- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കത്ത് വ്യാജമാണോ അല്ലയോ എന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതി; അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാനില്ല; പാർട്ടി സഖാക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും; അഴിമതിക്കെതിരെ പോരാടുന്ന മേയറെ അഴിമതിക്കാരിയാക്കുന്നു; കൈകൾ ശുദ്ധമായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും ജയിപ്പിച്ചത്; കത്ത് വിവാദത്തിൽ ആനാവൂർ നാഗപ്പന്റെ വിശദീകരണം
തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ പുകയുന്ന കത്ത് വിവാദത്തിൽ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. നഗരസഭ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷം പ്രക്ഷോഭം തുടരവേയാണ് ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തുവന്നത്. മേയർ ആര്യാ രാജേന്ദ്രൻ എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്നും, അത്തരത്തിലൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ആനാവൂർ. എന്നാൽ പാർട്ടി സഖാക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആനാവൂർ മാധ്യമങ്ങളോട പ്രതികരിച്ചു.
അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാൻ താനില്ല. പൊലീസ് അന്വേഷിച്ച് ആവശ്യമായ തീരുമാനം എടുക്കും. പക്ഷേ ഞങ്ങളുടെ പാർട്ടിയിൽ ആരോപണം ഉണ്ടായാൽ അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. പാർട്ടി സഖാക്കളുടെ തെറ്റ് തിരുത്തേണ്ട ചുമതല ഞങ്ങളുടേതാണ്. അഴിമതിക്കെതിരെ നടപടികൾ എടുക്കുന്ന മേയറെ അഴിമതിക്കാരിയാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ആനാവൂർ ആരോപിച്ചു.
സോണൽ ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മേയർ സ്വീകരിച്ച നടപടികളെ പുകഴ്ത്തികൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനമാകുന്നത് മാധ്യമങ്ങളാണെന്നും, മാധ്യമങ്ങൾ നഗരസഭയ്ക്കെതിരായി ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.തങ്ങളുടെ കൈ ശുദ്ധമാണെന്നും, അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിനെ വീണ്ടും ജയിപ്പിച്ചതെന്ന് ആനാവൂർ പറഞ്ഞു.
അതേസമയം കത്തിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി. തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച മേയറുടെ പേരിലുള്ള കത്ത് സംബന്ധിച്ചാണ് അന്വേഷണം. വിവാദമായ കത്ത് സംബന്ധിച്ച് അന്വേഷണം നടത്താൻ സിപിഐഎമ്മും തീരുമാനിച്ചു. ഇന്ന് ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടായത്. കത്ത് വിവാദമായതോടെ താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.
മേയറുടെ ഓഫീസിൽ നിന്ന് പ്രചരിക്കുന്ന തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയത്. കത്ത് ആരെങ്കിലും ബോധപൂർവ്വം നിർമ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാൻ പറ്റു. അതുകൊണ്ടു തന്നെ കത്തിന്റെ ഉറവിടം അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കോർപ്പറേഷനിലെ 295 താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. നിയമന വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ മുൻ നഗരസഭ കൗൺസിലർ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.കോർപറേഷനിൽ രണ്ടുവർഷത്തിനുള്ളിൽ നടന്ന താൽകാലിക നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാർ പരാതി നൽകിയത്
അതേസമയം, മേയറുടെ കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം രൂക്ഷമാവുകയാണ്. നഗരസഭയിൽ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ ഉൾപ്പെടെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. സംഘർഷത്തിൽ അകപ്പെട്ട പ്രായമായവർ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ ഒരു കണ്ണന്മൂലയിലെ കൗൺസിലർക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ