- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ഥി; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ വാര്‍ഡില്‍ മത്സരിക്കും; ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിലെത്തിച്ച നേതാവ് കളത്തിലിറങ്ങുന്നത് അണികള്‍ക്ക് ആവേശമാകും; കോഴിക്കോട് വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയില്ല; കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ഥി; അനില്‍ അക്കര അടാട്ട് പഞ്ചായത്തില്‍ വാര്‍ഡില്‍ മത്സരിക്കും
തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് വീണ്ടും സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കളത്തിലിറക്കി. മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു അനില്‍.
2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടും ആയും പ്രവര്‍ത്തിച്ചു. ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ അടാട്ട് പഞ്ചായത്തിന് നേടിക്കൊടുത്തു. 2010 ല്‍ ജില്ലാ പഞ്ചായത്തംഗമായി. രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. 2016ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് എംഎല്‍എയായി. 45 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
അതേസമയം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ തേടുന്നില്ല. സംവിധായകന്‍ വി എം വിനുവിന് പകരം കല്ലായി വാര്‍ഡില്‍ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുന്‍ഗണന. സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാന്‍ ആയിരുന്നില്ല.
ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം പുതിയ സ്ഥാനാര്‍ഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാര്‍ഥി വരുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയില്‍ ഉള്ള ചിലരെ നേതാക്കള്‍ സമീപിച്ചിരുന്നു. പക്ഷെ ഇവര്‍ ആരും സമ്മതം മൂളിയില്ല. തുടര്‍ന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച യു.ഡി.എഫിന് പറ്റിയ അമളി രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫ് ഒരുങ്ങുകയാണ്. സ്ഥാനാര്‍ഥിക്കും കോണ്‍ഗ്രസിനും പറ്റിയ വീഴ്ച മറയ്ക്കാന്‍ എല്‍.ഡി.എഫിന് നേരെ ആരോപണമുയര്‍ത്തിയതിനെ തെളിവുസഹിതം പൊളിച്ചടുക്കിയത് വോട്ടര്‍മാര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാക്കാനാണ് സി.പി.എം തീരുമാനം.
വിഎം വിനുവിന് വോട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കോണ്‍ഗ്രസ് ഒടുവില്‍ വോട്ടില്ലെന്ന് അറിഞ്ഞതോടെ എല്ലാ പഴിയും സിപിഎമ്മിന് മേല്‍ ചൊരിയുകയാണുണ്ടായത്. ഇത് രാഷ്ട്രീയ അധാര്‍മികതയാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. വോട്ടര്‍പട്ടികയടക്കം നല്‍കി കോണ്‍ഗ്രസ് വാദത്തെ പൊളിക്കാനായത് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ ആകുമോ എന്നാണ് സിപിഎമ്മിന്റെ ആലോചന.
അതേസമയം വയനാട കോണ്‍ഗ്രസിലും പ്രതിസന്ധി തുടരുകയാണ്. സീറ്റ് നിഷേധത്തില്‍ അതൃപ്തി പരസ്യമാക്കിക്കൊണ്ട് കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ പണിയെടുക്കരുതെന്നും മേല്‍ തട്ടിലിരുന്ന് കൈവീശുന്നതാണ് ഉചിതെമന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. പോസ്റ്റ് പങ്കുവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ജഷീര്‍ അത് പിന്‍വലിക്കുകയും ചെയ്തു.
'നമ്മുടെ പാര്‍ട്ടിയില്‍ അടിത്തട്ടിലിറങ്ങി പണിയെടുക്കരുത് എടുത്താല്‍ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ...മേല്‍ തട്ടില്‍ ഇരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം 19 വര്‍ഷ ജീവിതാനുഭവത്തില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മള്‍ ചെയ്ത തെറ്റ്, ജയ് കോണ്‍ഗ്രസ്ജയ് യുഡിഎഫ്' ജഷീര്‍ കുറിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജഷീര്‍ നേതൃത്വവുമായി ഉടക്കിയിരുന്നു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീര്‍.




