- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യമെന്തെന്ന് ജനങ്ങൾക്ക് അറിയാം..; അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനൊന്നും ഞാന്‍ ആളല്ല; നിങ്ങൾ പറയുന്നതെല്ലാം ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ; ട്വന്റി 20 യില്‍ സ്ഥാനാര്‍ഥി ആയത് മുതൽ കേൾക്കുന്ന ആ ചോദ്യം; ഒടുവിൽ ആദ്യമായി പ്രതികരിച്ച് അഞ്ജലി നായര്‍

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളുടെ വൻ നിരയെ അണിനിരത്തി ശ്രദ്ധേയമാവുകയാണ് ട്വന്റി 20 പാർട്ടി. എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന ട്വന്റി 20-യുടെ സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖ ബിഗ് ബോസ് താരങ്ങളും ചലച്ചിത്ര താരങ്ങളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ തൃക്കാക്കരയിലും, മുൻ ബിഗ് ബോസ് താരങ്ങളായ വീണ നായർ ഏറ്റുമാനൂരിലും, ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും ജനവിധി തേടും.
കൂടാതെ പ്രമുഖ ചലച്ചിത്ര താരം അഞ്ജലി നായർ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. പ്രശസ്തരായ വ്യക്തികളെ പണം നൽകിയാണ് പാർട്ടി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിയിരിക്കുന്നത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഇതിനോടകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ഈ ആരോപണങ്ങളോട് തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥിയായ അഞ്ജലി നായർ നടത്തിയ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി 4 ബ്ലേസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ, പണം മുടക്കിയാണ് സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ഇറക്കിയതെന്ന ചോദ്യത്തിന്, "അവ വെറും ആരോപണങ്ങൾ മാത്രമാണെന്നും അവ ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ" എന്നുമായിരുന്നു അഞ്ജലിയുടെ മറുപടി.
സത്യമെന്താണെന്ന് ജനങ്ങൾ കാലക്രമേണ മനസ്സിലാക്കുമെന്നും അനാവശ്യമായ ഇത്തരം ചർച്ചകളിൽ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ആരോപണങ്ങളെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോകാനാണ് അഞ്ജലിയുടെ തീരുമാനം.
അതേസമയം, പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് പാർട്ടിക്കുള്ളിൽ ചെറിയ തോതിലുള്ള ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ഫ്ലക്സുകൾ മാറ്റി സ്ഥാപിച്ചു.
എങ്കിലും, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തിങ്കളാഴ്ച വരെ സമയമുണ്ടെന്നും ഫോം 6 പ്രകാരം ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ പത്രിക സമർപ്പിക്കുന്നതിന് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നും റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയയോ പാർട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ലക്ഷ്മിപ്രിയ തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.


