തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎല്‍എ രംഗത്തുവന്നു. 'നിയമം നിയമത്തിന്റെ വഴിക്ക് പോകും. എനിക്ക് ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധിക്കളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്. എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു കുറവുമുണ്ടാക്കില്ല. അദ്ദേഹം പറഞ്ഞു.'

വിചാരണ നേരിടാന്‍ തയ്യാറാണ്. അതിലൊന്നും ഒരു പ്രശ്‌നവുമില്ല. വിധിപകര്‍പ്പിന്റെ പൂര്‍ണവിവരം ലഭിച്ചിട്ടില്ല. അതിനുശേഷം വിശദമായി പ്രതികരിക്കും. ഞാന്‍ ഇവിടെത്തന്നെയുണ്ട്. അപ്പീലടക്കം കാര്യങ്ങളില്‍ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും.' ആന്റണി രാജു അറിയിച്ചു.

അതേസമയം സുപ്രീംകോടതിയുടേത് അബദ്ധ വിധിയാണെന്നും ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിക്കൊണ്ടുപോകാന്‍ അപേക്ഷ നല്‍കിയെന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു. അപേക്ഷ നല്‍കിയത് കേസിലെ പ്രതിയാണെന്നും സാക്ഷിമൊഴിയോ തെളിവോ ഒന്നും കേസിലില്ലെന്നും അദ്ദേഹം അറിയിച്ചു.

ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് തള്ളുകയായിരുന്നു. വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അടുത്ത മാസം 20ന് ആന്റണി രാജു ഹാജരാകണം. ജസ്റ്റിസ് സിടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ആന്റണി രാജു. ഇടതു പിന്തുണയോടെയാണ് ആന്റണി രാജു മത്സരിച്ചതും ജയിച്ചതും. നിലവില്‍ ഈ സീറ്റ് പിടിച്ചെടുക്കണമെന്ന മോഹം സിപിഎമ്മിന് തന്നെയുണ്ട്. ഇതിനിടെയാണ് ആന്റണി രാജുവിനെതിരായ കേസ് സജീവമാകുന്നത്. ഒരു കൊല്ലത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് ഉത്തരവ്. ഇതോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിധി ഉറപ്പായി. ഈ വിധി എതിരായാല്‍ ആന്റണി രാജുവിന് രാഷ്ട്രീയ വനവാസത്തിലേക്ക് പോകേണ്ടി വരും.

ആന്റണി രാജു കുറ്റക്കാരനാണെന്ന നിലപാടാണ് സുപ്രീംകോടതിയില്‍ അടക്കം പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിലൂടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നേതാവായ വ്യക്തിയാണ് ആന്റണി രാജു. ഈ പാര്‍ട്ടിക്ക് ആന്റണി രാജുവെന്ന ഏക എംഎല്‍എ മാത്രമേ ഉള്ളൂ. വലിയ രാഷ്ട്രീയ സ്വാധീനവും കേരളത്തിലില്ല. അതുകൊണ്ട് തന്നെ ആന്റണി രാജുവില്‍ നിന്നും തിരുവനന്തപുരം സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ആന്റണി രാജുവിനെ ഒഴിവാക്കിയാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനേയും പരിഗണിക്കേണ്ടതില്ല. എന്‍സിപിയിലെ നൂറു കോടി കോഴ പരാതിക്ക് പിന്നിലും ആന്റണി രാജുവാണ്. ആന്റണി രാജുവിന്റെ വ്യാജ ആരോപണം എന്‍സിപിയേയും ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ പ്രതിസന്ധിയും എത്തുന്നത്.

തിരുവനന്തപുരത്തെ സീറ്റ് എടുക്കണമെന്ന അതിയായ മോഹം സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് സിപിഎമ്മില്‍ നിന്നും വലിയ സഹായം വിചാരണ കാലത്ത് കിട്ടുമോ എന്ന സംശയം ആന്റണി രാജുവിന് തന്നെ ഉണ്ട്. മന്ത്രിയായിരുന്നപ്പോള്‍ ആന്റണി രാജുവിന് അനുകൂലമായിരുന്നു കാര്യങ്ങള്‍. രണ്ടര കൊല്ലത്തിന് ശേഷം മന്ത്രി സ്ഥാനം കെബി ഗണേഷ് കുമാറിന് വേണ്ടി ഒഴിഞ്ഞു. അതിന് ശേഷം കേസില്‍ സര്‍ക്കാര്‍ നിലപാട് മാറി മറിഞ്ഞു. ഹൈക്കോടതിയില്‍ കിട്ടിയ അനുകൂല വിധി സുപ്രീംകോടതിയില്‍ അതിന് അപ്പുറത്തേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ആന്റണി രാജു കരുതി. എന്നാല്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മന്ത്രിയല്ലാതെയായി. പ്രോസിക്യൂഷന്‍ നിലപാട് കുടുപ്പിച്ചു. വിചാരണയിലും ഇത് പ്രതീക്ഷിക്കേണ്ട രാഷ്ട്രീയ സാഹചര്യവും ആന്റണി രാജുവിനുണ്ട്.