- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും; റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും; നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരും: അവകാശവാദവുമായി പി വി അന്‍വര്‍; അന്‍വറിനോട് കാത്തിരിക്കാനാണ് പറഞ്ഞതെന്ന് റസാഖ്
കാരാട്ട് റസാഖിനെ കൂടെ കൂട്ടാന്‍ പി വി അന്‍വര്‍
ചേലക്കര: മന്ത്രി മുഹമ്മദ് റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് തുറന്നടിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് പ്രഖ്യാപിച്ച കാരാട്ട് റസാഖിനെ കൂടെ കൂട്ടാന്‍ പി വി അന്‍വര്‍. കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് അന്‍വര്‍ പ്രതികരിച്ചു. റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും. നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരുമെന്നും അന്‍വര്‍ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അന്‍വര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള എംഎല്‍എമാരും ഇപ്പോഴുള്ളവരും ചേരും. നാലഞ്ചുപേര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്. പേരുകള്‍ പറയാനാവില്ല. കാരാട്ട് റസാഖിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരാട്ട് റസാഖുമായി സഹകരിക്കാനാണ് തീരുമാനമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയ്ക്കുളളില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നാണ് കാരാട്ട് റസാഖിന്റെ മുന്നറിയിപ്പ്. 'റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ശ്രമിച്ചു. റിയാസിനെ കൂട്ടുപിടിച്ച് കൊടുവള്ളി എംഎല്‍എയും ലീഗ് പ്രവര്‍ത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. മൂന്ന് വര്‍ഷമായി ഇതിന് മറുപടി കിട്ടിയിട്ടില്ല. അതിനായി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിനുശേഷം നിലപാട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനോടോ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്‌നം. ഇപ്പോഴും ഇടത് സഹയാത്രികന്‍ തന്നെയാണ്. അന്‍വറിനൊപ്പം പോകുന്ന കാര്യം ഇതുവരെയായിട്ടും തീരുമാനിച്ചിട്ടില്ല. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇന്നലെ അന്‍വറിനെ കണ്ട ശേഷം നിരവധി യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിന്തുണയുമായി വന്നിരുന്നു. മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് ബോര്‍ഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികള്‍ നല്ലവരാണ്. പക്ഷേ നേതാക്കള്‍ ശരിയല്ല. അന്‍വര്‍ ക്ഷണിച്ചിട്ടുണ്ട്. കാത്തിരിക്കൂ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. താന്‍ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാര്‍ട്ടിക്ക് എതിരെ താന്‍ എങ്ങനെ അന്ത്യശാസനം നല്‍കും'- അദ്ദേഹം പ്രതികരിച്ചു.