കോട്ടയം: ഡിഎംകെയുമായി നടത്തിയ നീക്കങ്ങള്‍ പാളിയതിനു പിന്നാലെ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരനാകുമ്പോള്‍ ചര്‍ച്ചകളില്‍ അയോഗ്യതാ പ്രശ്‌നവും. അന്‍വറിന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ചാണ് നിലവില്‍ ആശങ്ക നിലനില്‍ക്കുന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടയില്‍ ചേര്‍ന്നാല്‍ അയോഗൃത പ്രശ്‌നമുണ്ട്. ഇതില്‍ പി.വി. അന്‍വര്‍ നിയമോപദേശം തേടിയെന്നാണ് വിവരം. തൃണമൂലില്‍ ചേര്‍ന്നാല്‍ അന്‍വറിനെ ആയോഗ്യനാക്കാന്‍ സിപിഎം നടപടികള്‍ തുടങ്ങും. ഇത് അന്‍വറിന് പ്രതിസന്ധിയായി മാറുകയും ചെയ്യും. പിണറായി സര്‍ക്കാരും അന്‍വറിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടും. അന്‍വറിനെതിരെ കടുത്ത നിലപാട് തുടരാനാണ് തീരുമാനം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരിഷ് പാലത്തിങ്കലുമായി ഫോണില്‍ സംസാരിച്ചാണ് അന്‍വര്‍ തൃണമൂലുമായി അടുത്തത്. അന്‍വര്‍ എംഎല്‍എ ആയതിനാല്‍ തന്നെ ദേശീയ നേതൃത്വത്തിന് ആദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി.അന്‍വര്‍ എംഎല്‍എ ഇന്ന് കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാര്‍ത്താസമ്മേളനം നടത്തിയേക്കുമെന്നാണ് വിവരം. ഇതില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് വിശദീകരിക്കുമോ എന്നാണ് സിപിഎം നോക്കുന്നത്. അങ്ങനെ വന്നാല്‍ ആയോഗ്യനാക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാനായിരുന്നു സിപിഎം നീക്കം. അതിനിടെ തൃണമൂലില്‍ ചേര്‍ന്നെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

അന്‍വറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ


ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി ചുമതല ഏറ്റെടുത്തു.

പശ്ചിമ ബംഗാളില്‍ 1997-ല്‍ നിലവില്‍വന്ന രാഷ്ട്രീയപ്പാര്‍ട്ടി ആണ് എ.ഐ.ടി.സി. രാജ്യത്തെ അതിശക്തരായ വനിതകളില്‍ ഒരാളായ മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം തന്നെ 'അമ്മ, മണ്ണ്,മനുഷ്യന്‍' എന്നതാണ്.

സംഘടനകള്‍ രൂപം കൊള്ളുന്നതും,പ്രവര്‍ത്തിക്കുന്നതും അതിന്റെ അടിസ്ഥാനതലത്തിലാണ്. സംഘടനയെ ശക്തിപ്പെടുത്തുന്നതും അടിസ്ഥാന ജനവിഭാഗങ്ങളാണ്. തൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം 'ഗ്രാസ് റൂട്ട്‌സ്' എന്നാവുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അന്വര്‍ത്ഥമാവുകയാണ്.

രാജ്യസഭയിലും ലോകസഭയിലും യഥാക്രമം 12 ഉം,28ഉം അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ ആകെ അംഗബലം നാല്‍പതാണ്. രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭകളില്‍ സമ്മര്‍ദ്ദശക്തിയായി വര്‍ത്തിക്കാനും, നയരൂപീകരണത്തില്‍ ശക്തമായി ഇടപെടാനും ഈ അംഗബലത്തിനാകും.

തൃണമൂല്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലുടനീളം പ്രാഥമികമായി ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്, 1972ലെ കേന്ദ്ര വനം വന്യജീവി നിയമത്തില്‍ കാലാനുസൃതമായി ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ഭേദഗതിക്കായി പാര്‍ലമെന്റില്‍ നിലകൊള്ളണമെന്നും പ്രസ്തുത ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നുമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി എനിക്കുറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

12/01/2025 (ഞായര്‍) 3 P.M.ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി ഞാന്‍ നാട്ടിലെത്തും.നേരില്‍ കാണാം....

പി.വി. അന്‍വര്‍ എം.എല്‍.എ

ഈ ഫെയ്‌സ് ബുക്ക് പോസ്‌റ്റോടെ സ്വതന്ത്ര എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നുവെന്ന് വ്യക്തമാകുകയാണ്. ഇതോടെ അയോഗ്യതാ നടപടികളിലേക്ക് സിപിഎം കടക്കും. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനര്‍ജിയെ കേരളത്തില്‍ എത്തിച്ച് റാലി നടത്താനാണ് അന്‍വറിന്റെ നീക്കം. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് അന്‍വര്‍ ആഗ്രഹിക്കുന്നില്ല. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോഡിനേറ്ററാണെന്ന വാര്‍ത്ത പ്രഖ്യാപനത്തിന് മുന്‍പ് മാധ്യമങ്ങളില്‍ വന്നതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നലെ രാത്രി സംസ്ഥാന നേതൃത്വത്തെ അഭിഷേക് ബാനര്‍ജിയുടെ ഓഫിസ് ബന്ധപ്പെട്ടു. അന്‍വറിനെ സംസ്ഥാന കോഡിനേറ്റര്‍ ആക്കിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ ആരാണ് ഈ വാര്‍ത്ത നല്‍കിയത് എന്നുമായിരുന്നു ചോദ്യം.

അതിനിടെ അന്‍വറിനെ ഷാള്‍ അണിയിക്കുക മാത്രമാണ് ചെയ്തതെന്നും അംഗത്വം നല്‍കിയിട്ടില്ലെന്നും ഹാരിഷ് പാലത്തിങ്കല്‍ പ്രതികരിക്കുകയും ചെയ്തു. അതിനിടെയാണ് തന്നെ സംസ്ഥാന കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തെന്ന് ഇന്ന് രാവിലെ അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ വിവരം പങ്കുവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് യുഡിഎഫിന്റെ ഘടകക്ഷിയായേക്കാം. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഞങ്ങള്‍ ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അന്‍വര്‍ തൃണമൂലില്‍ ചേര്‍ന്നതോടെ അന്‍വറിന്റെ വിഷയം തല്‍കാലം യുഡിഎഫ് ചര്‍ച്ച ചെയ്യില്ല.