മലപ്പുറം: ആരാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന പി.വി അന്‍വറിന്റെ പരിഹാസത്തോട് അത് ആളുകള്‍ക്ക് അറിയാമെന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ മറുപടി. നിലമ്പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്നും തനിക്കും വി.എസ് ജോയ്ക്കും ഇടയില്‍ തര്‍ക്കമില്ലെന്നും ഷൗക്കത്ത് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവച്ചതിന് ശേഷം പി.വി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഷൗക്കത്തിനെ പരിഹസിച്ചിരുന്നു.

സ്ഥാനാര്‍ഥിയെ യുഡിഎഫാണ് തീരുമാനിക്കേണ്ട്. അന്‍വറിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. അന്‍വര്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതിന്റെ ശരിയേയും ശരികേടിനേയും കുറിച്ച് ഇപ്പോള്‍ മറുപടി പറയുന്നില്ല. പാര്‍ട്ടിയും യുഡിഎഫും തീരുമാനിക്കേണ്ട കാര്യമാണതെന്നും ഷൗക്കത്ത് പറഞ്ഞു. ആരാണ് ആര്യാടന്‍ ഷൗക്കത്തെന്നും സിനിമ പിടിച്ച് നടക്കുകയാണെന്നുമാണ് പറഞ്ഞത്. ഷൗക്കത്തിനെ താന്‍ പിന്തുണക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

'അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?', എന്നും മാധ്യമങ്ങളുടെ തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരമായി അന്‍വര്‍ പറഞ്ഞു. 'ആരാണ് ആര്യാടന്‍ ഷൗക്കത്ത്? ആര്യാടന്‍ മുഹമ്മദിന്റെ മകനാ... പുള്ളിയിപ്പോ സിനിമയൊക്കെ എടുത്ത് നടക്കുകയാണെന്ന് കേട്ടെല്ലോ? പുള്ളിയെ സാംസ്‌കാരിക- സിനിമ നായകനായിട്ടേ എനിക്ക് പരിചയമുള്ളൂ', അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്നത് അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു അന്‍വറിന്റെ മറുപടി. 'ഞാന്‍ അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് കാലമായി. സാധാരണ മനുഷ്യരെ കല്യാണത്തിനൊക്കെ കാണാം. ബാപ്പുട്ടി എവിടെ കാണുന്നില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിക്കുമായിരുന്നു. പുള്ളി കഥയെഴുതുകയാണ് എന്ന് പറയും. കഥയെഴുതുകയാണെങ്കില്‍ പെട്ടെന്ന് പുറത്ത് വരില്ലോ?', അന്‍വര്‍ പറഞ്ഞു.