- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു മുന്നണിയില്‍ നിന്നും നിലമ്പൂര്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആര്യാടന് ഷൗക്കത്തിനെ തന്നെ; അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; തീരുമാനം ആഹ്ലാദത്തോടെ സ്വീകരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍; ഇനി അറിയേണ്ടത് അന്‍വറിന്റെ മനസ്സിലിരുപ്പ് എന്തെന്ന്
അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
കൊച്ചി: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആര്യാടന് ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി വി അന്‍വറിന്റെ വിലപേശല്‍ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഷൗക്കത്താണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതോടെ യുഡിഎഫ് അണികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ആര്യാടന് മുഹമ്മദിന്റെ പുത്രന് യുഡിഎഫിനായി നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് പ്രതീക്ഷകള്‍.
അന്‍വര്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഇറങ്ങിയതോടെ ഇന്ന് തിരിക്കിട്ട നീക്കങ്ങള്‍ നടത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതും ഹൈക്കമാന്‍ഡിന് പട്ടിക കൈമാറിയതും. ആര്യാടന് ഷൗക്കത്തിന്റെ പേര് മാത്രം ഉള്‍പ്പെടുത്തിയാണ് പേര് നല്‍കിയത്. ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
നേരത്തെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം നടന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലിലാണ് യോഗം നടന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറിന്റെ എതിര്‍പ്പുകളെ മറികടന്ന് ആര്യാടന് ഷൗക്കത്ത് തന്നെ സ്ഥാനാര്ഥിയായാക്കാന് തീരമാനം വന്നു.
നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന് ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന ഉണ്ടായിരുന്നത്.
ഇതിനിടെ പി.വി. അന്‍വര്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രംഗത്തുവന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ രഹസ്യയോഗവും സ്ഥാനാര്‍ഥി പ്രഖ്യാപനവും.
അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനാണ് അന്‍വറിന്റെ ശ്രമം. ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതും പരിഗണിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഒരു സമവായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്ന ഘട്ടത്തില്‍ അന്‍വര്‍ കൂടി ഇങ്ങനെ ഇടഞ്ഞുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശങ്കയും വെല്ലുവിളിയുമുയര്‍ത്തുന്നു.
ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.
ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.