കൊച്ചി: എന്‍ഡിഎയുടെ ആദ്യത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം കുന്നത്തുനാട്ടില്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബാബു ദിവാകരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ട്വന്റി 20 സ്ഥാനാര്‍ഥിയായാണ് ബാബു ദിവാകരന്‍ മത്സരിക്കുന്നത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ബാബു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.

എന്‍ഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സര്‍പ്രൈസ് എന്‍ട്രി. പട്ടിമറ്റത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലേക്ക് ബാബു എത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടു എല്ലാം ചെയ്തു. 2011ലും 2016ലും 2021ലും തന്നെ പരിഗണിച്ചില്ല. ഇത്തവണയും പരിഗണിക്കില്ല എന്ന് ഉറപ്പായതോടെ നില വിട്ടുപോകുകയായിരുന്നുവെന്ന് ബാബു പറയുന്നു.

ബാബു ദിവാകരന്‍ ഏറ്റവും അനിയോജ്യനായ സ്ഥാനാര്‍ഥിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. ഇന്നലെ വരെ വാടക വീട്ടില്‍ താമസിച്ച വ്യക്തിയാണിദ്ദേഹമെന്നും 30 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും സാബു പറഞ്ഞു. അടൂര്‍ സീറ്റില്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് കറുത്ത വസ്ത്രം ധരിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബാബു പ്രതിഷേധം നടത്തിയിരുന്നു.

പാര്‍ട്ടിയിലെ എല്ലാ ചുമതലകളും രാജിവെയ്ക്കുന്നുവെന്നും പദവികള്‍ രാജിവച്ചെങ്കിലും മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ബാബു പറഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമയഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ മത്സരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റില്ലെന്ന് ഉറപ്പായതോടയാണ് അദ്ദേഹം രാജിവെച്ചത്. യോഗ്യതയുള്ള, മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ നേതൃത്വം തയ്യറാകുന്നില്ലെന്നാണ് ആരോപണം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍, കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരന്‍.