കാസര്‍ഗോഡ്: തറവാട്ടില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. കഴിഞ്ഞവര്‍ഷമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തെന്നു ചൂണ്ടിക്കാട്ടി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള നാലുനേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. തന്നോടുള്ള വൈരാഗ്യം കാരണം പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി രാജ്മോഹന്‍ ഉണ്ണിത്താനാണ് തന്നെ പുറത്താക്കാന്‍ ചരടു വലിച്ചതെന്ന് ബാലകൃഷ്ണന്‍ മുന്‍പ് ആരോപിച്ചിരുന്നു. ബാലകൃഷ്ണനോടൊപ്പം യുഡിഎഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാനും ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ രാജന്‍ പെരിയ, പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ടി. രാമകൃഷ്ണന്‍, പുല്ലൂര്‍-പെരിയ മണ്ഡലം പ്രസിഡന്റായിരുന്ന പ്രമോദ് പെരിയ എന്നിവരെയാണ് തിരിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22 നാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് ഇവരെ പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതി എന്‍. ബാലകൃഷ്ണന്റെ മകന്റെ വിവാഹസത്കാരത്തില്‍ ഇവര്‍ പങ്കെടുത്തെ കെപിസിസി അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുള്‍പ്പെട്ടതായിരുന്നു സമിതി. വിഷയമേറ്റെടുത്ത രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, വിവാഹസത്ക്കാരത്തില്‍ പങ്കെടുത്തത് ഏത് ഉന്നതനായാലും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ ബാലകൃഷ്ണന്‍ പെരിയയും രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കേണ്ട രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് അത് വഷളാക്കിയെന്ന് ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ശ്രമിക്കുകയാണെന്ന് ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പ്രശ്നം പരിഹരിക്കേണ്ട ഉണ്ണിത്താന്‍ തന്നെ വിഷയം ഫേസ്ബുക്കിലിട്ട് വഷളാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളും വ്യക്തിഹത്യകളുമാണ് ഉണ്ണിത്താന്‍ നടത്തിയത്. പ്രശ്നത്തെ വഷളാക്കാന്‍ ഉണ്ണിത്താന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടത്തിയത്, ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹത്തില്‍ പങ്കെടുത്തതിന് ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ട്. രാഷ്ട്രീയമില്ലാതെയാണ് കല്യാണത്തില്‍ ഓരോരുത്തരും പങ്കെടുത്തത്. കല്യാണത്തില്‍ പങ്കെടുത്ത 45 ശതമാനത്തിലേറെ പേരും കോണ്‍ഗ്രസുകാരായിരുന്നു. സദ്യ വിളമ്പിയതുപോലും യൂത്ത് കോണ്‍ഗ്രസുകാരാണ്. അത്ര പോലും രാഷ്ട്രീയം കലരാത്ത പരിപാടിയെ രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇത്ര വലിയ വിഷയമാക്കി മാറ്റിയെന്ന് ബാലകൃഷ്ണന്‍ പെരിയ പറഞ്ഞിരുന്നു