തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ടത്തില്‍ 67 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖരെ അടക്കം ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. അഠുത്തിടെ ബിജെപിയില്‍ എത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമന അജിത്, വി വി രാജേഷ് കൊടുങ്ങാനൂലും സ്ഥാനാര്‍ഥികളാകും. മുന്‍ പൂജപ്പുര കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായിരുന്ന മഹേശ്വരന്‍ നായര്‍ പുന്നയ്ക്കാമുകളില്‍ മത്സരിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥികളെ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുമല വാര്‍ഡില്‍ ദേവിമ, കരമനയില്‍ കരമന അജി, നേമത്ത് എംആര്‍ ഗോപന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയില്‍ ടിഎസ് അനില്‍കുമാറും കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.




എല്‍ഡിഎഫില്‍ സീറ്റ് ധാരണ പ്രകാരം കോര്‍പ്പറേഷനില്‍ 75 സീറ്റില്‍ സിപിഎമ്മും 17 സീറ്റില്‍ സിപിഐയും മത്സരിക്കും. സിപിഎമ്മിനായി മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ ഉള്‍പ്പെടെ മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) മൂന്നു വാര്‍ഡിലും, കേരള കോണ്‍ഗ്രസ് (ബി) ഒരു വാര്‍ഡിലും മത്സരിക്കും. ആര്‍ജെഡിക്കും കോണ്‍ഗ്രസ് എസിനും എന്‍സിപിക്കും ഓരോ വാര്‍ഡ് മത്സരത്തിന് നല്‍കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ മത്സരിക്കാന്‍ തീരുമാനമായിട്ടുണ്ട്.