തിരുവനന്തപുരം : കോൺഗ്രസിലെ അതൃപ്തി മുതലെടുത്തു മുതിർന്ന നേതാക്കളെ അടർത്തിമാറ്റാൻ ബിജെപി. നീക്കം ശക്തമാക്കുന്നുവെന്ന് റിപ്പോർട്ട്. കോൺഗ്രസിനെ അടിമുടി ഉലയ്ക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്നു സൂചന. പല മുതിർന്ന നേതാക്കളും ബിജെപിയിലേക്കു ചായുന്നതായി രഹസ്യന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകുന്നു. മലബാറിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് അധികം വൈകാതെ കേന്ദ്രമന്ത്രിസഭയിൽ അംഗമാകുമെന്ന അഭ്യൂഹം ശരിവയ്ക്കുന്ന തരത്തിൽ ഇതു സംബന്ധിച്ച രണ്ടാം വട്ട ചർച്ച അടുത്തയാഴ്ച കോഴിക്കോട് നടക്കുമെന്നാണ് വാർത്ത. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ക്യാബിനറ്റ് പദവി നൽകി, കോൺഗ്രസ് നേതാവിനെ സ്വീകരിക്കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതിന് ഇതും കാരണമാണ്. ഈ നേതാവ് ബിജെപിയിലേക്ക് വരുന്നതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ തങ്ങൾക്ക് അനുകൂലമായ ചലനം സൃഷ്ടിക്കാനാവുമെന്നാണു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ എന്നും വാർത്ത പറയുന്നു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന നിരവധി നേതാക്കളുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. നേരത്തേയും ഈ നേതാവിനെ ബിജെപി ലക്ഷ്യമിട്ടിരുന്നുവെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നീക്കങ്ങളുടെ ഭാഗമാണ്.

തങ്ങളുടെ വോട്ട് ബാങ്കിന് ഇടിവുണ്ടായില്ലെങ്കിൽ ബിജെപിയിലേക്കു ചേക്കേറുന്നതിൽ അപാകതയൊന്നും കാണുന്നില്ലെന്ന് നേതാവ് അണികൾക്ക് സന്ദേശം നൽകിയിട്ടുണ്ട്. നഷ്ടപ്പെടുന്ന വോട്ടർമാർക്കു പകരം പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബിജെപിയുടെ പിന്തുണ പല നേതാക്കന്മാർക്കും ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസ് നേതൃത്വമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിച്ചതെന്നാണ് മംഗളം വാർത്ത. പ്രമുഖ നേതാവിനെയാണ് ബിജെപി നോട്ടമിടുന്നത്. ഇതിന് പിന്നിൽ ചരടു വലിക്കുന്നത് സുരേഷ് ഗോപിയാണെന്നും സൂചനകളുണ്ട്. കേരളത്തിൽ ഓപ്പറേഷൻ താമര വീണ്ടും സജീവമാക്കാനാണ് നീക്കം.

ത്രിപുരയിൽ വീണ്ടും ബിജെപി ഭരണം പിടിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലും ബിജെപി സർക്കാർ വരുമെന്ന് പ്രഖ്യാപിച്ചത്. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ മുൻകൈയിൽ കേരളത്തിൽ പ്രകാശ് ജാവഡേക്കറിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപിയും വിശദീകരിച്ചിരുന്നു. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തിയത്. താമരക്കുമ്പിളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സുരക്ഷിതമാണ്. മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയിൽ തകർന്നടിഞ്ഞ് സിപിഎം- കോൺഗ്രസ് സഖ്യം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്നായിരുന്നു ബിജെപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

2016ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻകുതിപ്പാണ് നടത്തിയത്. 2011ൽ നേടിയ 6.03 വോട്ട് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്കാണ് ബിജെപി കുതിച്ചത്. 2014ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതിനെ തുടർന്നുള്ള തരംഗമായിരുന്നു ബിജെപിയെ ഈ വൻനേട്ടം കൊയ്യുന്നതിലേക്ക് എത്തിച്ചത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ 2021ലേക്കെത്തിയപ്പോൾ ബിജെപിയുടെ വോട്ട് ശതമാനം കുറയുന്നതാണ് കണ്ടത്. കയ്യിലുണ്ടായിരുന്ന നിയമസഭ മണ്ഡലം നഷ്ടപ്പെടുകയും ചെയ്തു. 2016ലെ 15 ശതമാനത്തിൽ നിന്ന് 12.36 ശതമാനത്തിലേക്കാണ് ബിജെപി വീണത്. പിന്നിട് നടന്ന തൃക്കാക്കര ഉപതെരഞെടുപ്പിലും ബിജെപിക്ക് വൻതിരിച്ചടി നേരിട്ടു. 2016ൽ 21,247 വോട്ട് നേടിയ ബിജെപിക്ക് 2022 ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ 12,957 വോട്ട് മാത്രമേ നേടാനായുള്ളൂ. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് കുറയുകയാണെന്ന് കണക്കുകൾ പറയുന്നു.

ഈയൊരു സാഹചര്യത്തിൽ കേരളത്തിൽ തിരിച്ചുവരാനുള്ള ആലോചനകളിലാണ് ബിജെപി ദേശീയ നേതൃത്വം. കേരളം പിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച തന്ത്രങ്ങളിലൂന്നിയാണ് സംസ്ഥാനത്തെ ബിജെപിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ന്യൂനപക്ഷങ്ങളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിച്ച് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപി ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ കേരള സ്പെഷ്യൽ തന്ത്രങ്ങളെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.