പാലക്കാട്: വഖഫ് വിഷയത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പക്ഷപാതപരമായ വീക്ഷണം ആശങ്കാജനകമാണ്. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്വഭാവം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്ര വഖഫ് ഭൂമിയുണ്ട് എന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം പാലക്കാട്ട് പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡ് എത്ര സര്‍ക്കാര്‍ ഭൂമി അവകാശപ്പെടുന്നു, എത്ര സ്വകാര്യ ഭൂമികളും എത്ര കര്‍ഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങള്‍ കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട റെക്കോര്‍ഡ് സര്‍ക്കാരിന്റെ പക്കലുള്ളതിനാല്‍ അത് ആയാസമില്ലാതെ ചെയ്യാനാകും. വഖഫിനെക്കുറിച്ചുള്ള നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 15 വര്‍ഷം പഴക്കമുള്ളതാണ്. അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങള്‍ വഖഫ് ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍, സര്‍ക്കാര്‍ ഏറ്റവും പുതിയതും വിശദവുമായ പ്രസ്താവന പുറത്തിറക്കണമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയോ വോട്ടുചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും യു.ഡി.എഫും എല്‍.ഡി.എഫും ഏകകണ്ഠമായി നിയമസഭയില്‍ പ്രമേയം പാസാക്കി. വിഷയം ജെ.പി.സിക്ക് മുന്‍പാകെയാണ്. എല്‍.ഡി.എഫ്., യു.ഡി.എഫ്. നേതാക്കള്‍ ഭേദഗതികളെ എതിര്‍ക്കുകയും വഖഫിന്റെ പക്ഷം പിടിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ ഉണ്ടാകുന്നത്, അദ്ദേഹം ആരാഞ്ഞു. ക്ഷേത്രത്തെക്കുറിച്ചോ ഗുരുദ്വാരയെക്കുറിച്ചോ പള്ളിയെക്കുറിച്ചോ സ്വത്ത് തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതികളെ സമീപിക്കാം. എന്നാല്‍ വഖഫ് ഭൂമിയെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതികളെ സമീപിക്കാന്‍ കഴിയില്ല, ജാവദേക്കര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് എല്‍.ഡി.എഫും യു.ഡി.എഫും ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു. കാനഡയിലെ ഒരു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല. അവര്‍ പണ്ട് മദനിയെ സ്വാഗതം ചെയ്തവരാണ്. അവര്‍ സി.എ.എയെ എതിര്‍ക്കുന്നു. അവര്‍ പലസ്തീന്റെ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ചോ ഹിസ്ബുള്ളയുടെ ആക്രമണത്തെക്കുറിച്ചോ എല്ലായിടത്തും ഹൂതികള്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ചോ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഹിന്ദു- മുസ്ലിം പ്രശ്നമല്ല എന്നതാണ് ബി.ജെ.പിയുടെ നിലപാട്. തീവ്രനിലപാടുകാരും പൊതുസമൂഹവും തമ്മിലുള്ള പ്രശ്നമാണ്. ബി.ജെ.പി. എല്ലായ്പ്പോഴും എല്ലാവര്‍ക്കുമുള്ള നീതിയില്‍ വിശ്വസിക്കുന്നു. ഒരു സര്‍ക്കാരും തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍മൂലം നിസ്സഹായരും നിരപരാധികളുമായ ഇരകള്‍ക്ക് നീതി നല്‍കുന്നതിന് മുനമ്പം, കല്‍പ്പാത്തി, നൂറണി തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നതായും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്വഭാവം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്