കൊല്ലം: കേരളത്തിൽ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങൾക്കുപിന്നിൽ ബിജെപി. ദേശീയ നേതൃത്വം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡൽഹിയിലും എറണാകുളത്തുമായി പ്രധാന ചർച്ചകൾ നടന്നുവരുന്നത്. സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സർക്കാർ ഇടപെട്ടാൽ, തിരഞ്ഞെടുപ്പിൽ 'അസ്വഭാവിക' നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യൻ വിഭാഗമായ സിറോ മലബാർ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം പുതിയ പാർട്ടിക്ക് കരുത്താണ്. എന്നാൽ നിലവിലെ നേതാക്കൾക്ക് ജനകീയാടിത്തറയുണ്ടോ എന്നതാണ് സംശയം.

ബിജെപിയുടെ ദേശീയ നേതൃത്വമാണ് ചുക്കാൻ പിടിക്കുന്നത് എല്ലാത്തിനും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മറ്റ് ചില പ്രമുഖരും ഇതിനൊപ്പമുണ്ട്. ബിജെപി. ദേശീയ നേതൃത്വവുമായി അടുപ്പമുള്ള മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാർട്ടി രൂപവത്കരിക്കുന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ കണ്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും അനൗദ്യോഗിക ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം. ഭരണഘടനാപദവി വഹിക്കുന്ന രണ്ട് മലയാളി നേതാക്കളും സഭാനേതൃത്വവുമായി ബിജെപി.ക്കുവേണ്ടി ആശയവിനിമം നടത്തിയിരുന്നു. പാർട്ടി രൂപീകരണത്തിന് അപ്പുറം സഭകളെ ബിജെപിയുമായി അടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

നേരത്തെ സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രൈസ്തവ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായി. ഇതിന്റെ തുടർച്ചയെന്നോണം താമരശ്ശേരി രൂപതയുടെ പരിപാടികളിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എത്തി. ഈ നീക്കമെല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഫലമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ഈ നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഇതിനൊപ്പമാണ് രാഷ്ട്രീയ പാർട്ടിയെന്ന ക്രൈസ്തവ നേതാക്കളുടെ ആശയവും മുന്നിലെത്തിയത്. ഏതായാലും ഉടൻ ഈ പാർട്ടി പ്രഖ്യാപിക്കില്ല. ചർച്ചകൾ ഇനിയും തുടരും.

ബിഷപ്പ് പ്ലാംപനിയുടെ പ്രഖ്യാപനത്തോടെ രാഷ്ട്രീയ പാർട്ടിയിൽ പുതിയ സാധ്യതകൾ മുന്നിലുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്ന നേതാക്കളിൽ ബിജെപി ദേശീയ നേതൃത്വത്തിന് വിശ്വാസമില്ല. ബിജെപിയുമായി ആദ്യചർച്ചകളിലുണ്ടായിരുന്ന ഒരു കേരള കോൺഗ്രസ് മുൻ എംഎൽഎ. പിന്നീട് പിന്മാറി. തോമസ് ഉണ്ണിയാടനേയും സഹകരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ താനില്ലെന്ന നിലപാട് തോമസ് ഉണ്ണിയാടൻ സ്വീകരിച്ചു കഴിഞ്ഞു. ഇതും ബിജെപിയുടെ ക്രൈസ്തവ പാർട്ടിയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ്. ബിഷപ്പ് പ്ലാപനിയുടെ റബ്ബർ പ്രസ്താവന കാര്യങ്ങൾ മാറ്റി മറിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്.

രണ്ട് മുൻ എംഎൽഎ. മാരും കേരള കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളുടെ ടിക്കറ്റിൽ എംപി.യും എംഎൽഎ.യുമായിരുന്ന മുതിർന്ന നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമൊക്കെയുണ്ടെങ്കിലും ഇവർക്ക് വലിയ ജനകീയാടിത്തറയില്ലെന്ന വിലയിരുത്തലിലാണ് ബി എൽ സന്തോഷ്. അതുകൊണ്ടുതന്നെ കൂടുതൽ ചെറുഗ്രൂപ്പുകളെ ഒപ്പം ചേർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്. സഭയുമായി ബന്ധമുള്ള കർഷക സംഘടനയെ മുൻനിർത്തി ബിജെപി. അനുകൂല നിലപാട് പ്രചരിപ്പിക്കും. കത്തോലിക്ക സഭയെ മാത്രമാണ് ഇപ്പോൾ ബിജെപി. നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ മണ്ഡലങ്ങളിൽ കത്തോലിക്ക വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. ആർ.എസ്.എസ്. ദേശീയ നേതാവ് ഇന്ദ്രേഷ്‌കുമാർ പലതവണ കേരളത്തിലെ സഭാതലവന്മാരുമായി ചർച്ച നടത്തി. അതിനിടെ കേരള രാഷ്ട്രീയത്തിൽ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ അലയൊലികൾ സൃഷ്ടിച്ചുകഴിഞ്ഞുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

റബ്ബറിന്റെ വിലയിടിവിന്റെ കാരണമായി കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഒരു വിഷയമാണ് ഇറക്കുമതി ചുങ്കം. ഇറക്കുമതി ചുങ്കം ഉയർത്തിയാൽ റബ്ബറിന്റെ ആഭ്യന്തര വില ഉയരും. എന്നാൽ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാൽ 25 ശതമാനത്തിലധികം ചുങ്കം ഉയർത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്വാഭാവിക റബ്ബറിന്റെ വില ഉയർത്താൻ കേന്ദ്ര സർക്കാരിന് അസ്വഭാവിക തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതിന് ഭരണപരമായ തടസ്സങ്ങളും അതോടൊപ്പം ടയർ ലോബിയുടെ സമ്മർദ്ദവും മറികടക്കേണ്ടതായിട്ടുണ്ട്.