കൊച്ചി: വഖഫ് ബോര്‍ഡ് അനധികൃതമായി അവകാശവാദമുന്നയിക്കുന്ന മുനമ്പത്തെ 400 ഏക്കറോളം വരുന്ന ഭൂമിയില്‍ മൂന്ന് തലമുറകളായി താമസിക്കുന്ന 600 ഓളം കുടുംബങ്ങളിലെ അംഗങ്ങള്‍ ജനിച്ചു വളര്‍ന്ന ഭൂമിയില്‍ ജീവിക്കുന്നതിനു വേണ്ടി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ ബിജെ പി പിന്തുണക്കും. പാര്‍ട്ടി സംസ്ഥാന സമിതിയംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ക.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം മുനമ്പത്ത് സമരസമിതി നേതാക്കളെ സന്ദര്‍ശിച്ച ശേഷം ബിജെപി ജില്ലാ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

തീവ്രവാദ സംഘടനകളില്‍ പെട്ടവരാണ് ഇപ്പോള്‍ വഖഫ് വസ്തുവാണെന്ന പേരില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മുനമ്പം വഖഫ് സംരക്ഷണ സമിതിയുടെ പേരില്‍ ഈ ഭൂമിയുടെ അവകാശത്തിനായി അപേക്ഷ നല്‍കിയവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.



പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള കെ.സി.ബി.സി യുടെയും ബിഷപ്‌സ് കൗണ്‍സിലിന്റെയും നിലപാടുകളെ ബി ജെ പി നേതാക്കള്‍ സ്വാഗതം ചെയ്തു.

ക്രൈസ്തവസഭകള്‍ പരസ്യമായി വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് - യുഡിഎഫ് മുന്നണികളും അവരുടെ വോട്ടു നേടി ജനപ്രതിനിധികളായവരും നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജന. സെക്രട്ടറി ജെയ്‌സണ്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.