- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീപത്മനാഭനെ വണങ്ങി പദയാത്രയായി പാളയത്ത്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞ; വന്ദേമാതരം പറഞ്ഞ് ആര്‍.ശ്രീലേഖ; കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു കോര്പ്പറേഷന് ഭരണം പിടിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍; മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ ശ്രീലേഖ മേയറാകുമെന്നാണ് ബിജെപിയില്‍ നിന്നും പുറത്തുവരുന്ന വിവരം. ഡല്‍ഹിയില്‍ നേതാക്കളെ കണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏകദേശ ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ആ സസ്‌പെന്‍സ് പൊളിക്കാന്‍ അദ്ദേഹം ഇന്നും തയ്യാറായില്ല. ഇതോടെ മേയര്‍ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളും തുടരുകയാണ്. അതിനിടെ തലസ്ഥാനത്ത് അധികാരം പിടിച്ചതിന്റെ ആഘോഷം ബിജെപി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു കൊണ്ട് രംഗത്തുവന്നു. ഇന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി പ്രവര്‍ത്തകര്‍.
ശീ പത്മനാഭനെ വണങ്ങി, പദയാത്രയായി പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ആക്കുളം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയുടെ അഡ്വ: മിനി പി എസ് ബലിദാനികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എല്‍ഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി കൗണ്‍സിലറായ കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്‌കൃതത്തിലാണ്. വിനോദ് ആര്‍ ഭാരത മാതാവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. കടകംപള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയുടെ ജയരാജീവ് അയ്യപ്പ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഫോര്‍ട്ട് വാര്‍ഡില്‍ നിന്ന് വിജയിച്ച ഹരികുമാര്‍ എസ് , പെരുന്താന്നിവാര്‍ഡില്‍ നിന്ന് വിജയിച്ച ദീപ എസ് നായര്‍ എന്നിവര്‍ ശ്രീപത്മനാഭ സ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കരുമം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയുടെ ആശാനാഥ് ഭാരതാംബയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു. സത്യപ്രതിജ്ഞക്കുശേഷം ബി.ജെ.പി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. 'പരമപവിത്രം' എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവര്‍ത്തകര്‍ പാടിയത്. അതേസമയം ബിജെപിയുടേത് വര്‍ഗീയ അജന്‍ഡയാണെന്ന് സിപിഎം ആരോപിച്ചു.
മുതിര്‍ന്ന കൗണ്‍സില്‍ അംഗം നന്ദന്‍കോട് നിന്ന് വിജയിച്ച കെ ആര്‍ ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആര്‍ ശ്രീലേഖ സത്യപ്രതിജ്ഞ നടത്തിയ ശേഷം വന്ദമാതരം പറയുകയാണ് ചെയ്തത്. മേയര്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് ശേഷം 2.30നും നടക്കും. ബി.ജെ.പി കേരള ഘടകത്തിന്റെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ദിവസമാണ് കടന്നുപോയതെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ ഞങ്ങള്‍ക്ക് ഒരു അവസരം തന്നു. പറഞ്ഞ കാര്യങ്ങള്‍ ഒന്നുവിടാതെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ സന്തോഷം ഉള്ള ദിവസമാണിത്. വികസിത കേരളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വാര്‍ഡ് തലത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ മന്‍ഗണന സംബന്ധിച്ച് ബ്ലൂപ്രിന്റ് തയാറാക്കും. 101 വാര്‍ഡിലും വികസന രേഖ തയാറാക്കും. അത് 45 ദിവസസത്തിനകം തയാറാക്കും. അത് പ്രധാനമന്ത്രി എത്തി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് ആരെന്ന കാര്യം 26ന് അറിയാം. അതുവരെ സസ്‌പെന്‍സ് ആണെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.




