പാലക്കാട്: ബിജെപിയുടെ ഒന്നാംക്ലാസ് മണ്ഡങ്ങളില്‍ ഒന്നാണ് പാലക്കാട് മണ്ഡലം. ശോഭ സുരേന്ദ്രന്‍ മുമ്പ് മത്സരിച്ച ഇവിടം അവരുടെ കൂടി പ്രയത്ന്നത്തിന്റെ ഫലമായാണ് എ ക്ലാസ് മണ്ഡലമാക്കി ഉയര്‍ത്തിയത്. മണ്ഡലത്തില്‍ വോട്ടുയര്‍ത്തിയതില്‍ ശോഭക്കുള്ള പങ്ക് രാഷ്ട്രീയ അതീതമായി പലരും സമ്മതിക്കും. എന്നാല്‍, വീണ്ടും ബിജെപിക്ക് മുന്നില്‍ സുവര്‍ണാവസരം നിലനില്‍ക്കുമ്പോള്‍ പാലക്കാട് ശോഭയെ പരിഗണിക്കണെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍, ഈ ആവശ്യത്തോട് മുഖം തിരിക്കുന്ന സമീപനമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റേത്.

ഇതിനിടെ മണ്ഡലത്തില്‍ ബിജെപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ശോഭയെ തന്നെ സ്ഥാനാര്‍ഥിയാക്കണം എന്നതാണ് പ്രവര്‍ത്തക വികാരം. ഈ ആവശ്യം മണ്ഡലത്തില്‍ ശക്തമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. മലയാളം ചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്കാണ് ഒരു വിഭാഗം പ്രാദേശിക പ്രവര്‍ത്തകര്‍ കത്തയച്ചത്. ശോഭ മത്സരിച്ചാല്‍ മണ്ഡലത്തിലെ വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് കത്തില്‍ വ്യക്തമാക്കുന്ന കാര്യം.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ശോഭ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ഈ പശ്ചാത്തിത്തില്‍ ഈഴവ വോട്ടുകള്‍ സമാഹരിക്കാന്‍ ശോഭയ്ക്ക് കഴിയുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്. സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് ശോഭയാണെന്നും കത്തില്‍ നേതക്കള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി പ്രവര്‍ത്തകര്‍ കത്തയച്ചിട്ടുണ്ട്.

അതേസമയം സി കൃഷ്ണകുമാറിനെതിരെ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിയിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സി കൃഷ്ണകുമാര്‍ തുടര്‍ച്ചയായി നാല് തവണ പൊതുതെരഞ്ഞടുപ്പില്‍ മത്സരിച്ചു എന്നാണ് ഇതില്‍ പ്രധാനമായം ചൂണ്ടിക്കാട്ടുന്നത്. വോട്ട് നേടുന്നതിനേക്കാള്‍ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താത്പര്യമെന്നാണ് കത്തില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ കളത്തിലിറക്കുന്നതിനായി ബി.ജെ.പിയിലെ ഒരുവിഭാഗം ആലോചിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പാലക്കാട് മത്സരിപ്പിക്കാന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ഥി എന്ന നിലയില്‍ ശോഭയുടെ പേരാണ് പാര്‍ട്ടിയിലെ താഴെതട്ടില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്. ഭൂരിഭാഗം ഭാരവാഹികളും ശോഭയുടെ പേരാണ് പാലക്കാട്ടേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ അടക്കമുളളവര്‍ ശോഭ പാലക്കാട് മത്സരിക്കണമെന്ന അഭിപ്രായം ഉള്ളവരാണ്. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് ലഭിക്കാന്‍ കഴിയുന് ഏറ്റവും മികച്ച സ്ഥാനാര്‍ഥി ശോഭയാണെന്നതാണ് വസ്തുതക

എന്നാല്‍, ശോഭയെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയാക്കാം എന്നതാണ കെ സുരേന്ദ്ര അടക്കമുള്ളവര്‍ മുന്നോട്ടു വെക്കുന്ന ഫോര്‍മുല. പ്രിയങ്ക ഗാന്ധിവരുമ്പോള്‍ നേരിടാന്‍ പാര്‍ട്ടിയുടെ ഫയര്‍ ബ്രാന്റായ വനിതാ നേതാവിനെ തന്നെ ഇറക്കണമെന്ന തന്ത്രമാണ് സുരേന്ദ്രന്‍ പക്ഷം മുന്നോട്ടുവെക്കുന്നത്. പക്ഷെ അവരുടെ നീക്കത്തിന് ദേശീയ നേതൃത്വത്തിന്റേയും, മുതിര്‍ന്ന നേതാക്കളുടേയും പിന്തുണയില്ലെന്നാണ് സചൂന. ശോഭയ്ക്ക് വിജയ സാധ്യത കൂടുതല്‍ പാലക്കാട്ടാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

പാലക്കാട് എങ്ങനെയും പിടിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. അതിനിപ്പോള്‍ സാധിക്കുന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെയാണെന്ന നിലപാടാണ് ദേശീയ നേതാക്കള്‍ക്കുള്ളതെനനും സൂചനയുണ്ട്. പ്രഭാരി പ്രകാശ് ജാവദേക്കര്‍ അടക്കം ശോഭയെ പാലക്കാട് ഇറക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം പാലക്കാട് ഇറങ്ങിയാല്‍ മറുവശത്തുള്ളവര്‍ കാലുവാരുമോ എന്ന ആശങ്കയും സഖ്തമാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കിയതിന്റെ നേട്ടമാണ് ശോഭയെ വീണ്ടും പാര്‍ട്ടിയുടെ ഒന്നാംനിര നേതൃത്വത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ആലപ്പുഴയില്‍തന്നെ നിന്ന് ഹരിപ്പാടോ , കായംകുളത്തോ മത്സരിച്ച് നിയമസഭയിലേക്ക് എത്താന്‍ശ്രമിക്കുക എന്ന തന്ത്രമാണ് ശോഭ ആലോചിച്ചിട്ടുള്ളത്. അതിനായി വലിയ 'ഗ്രൗണ്ട്വര്‍ക്ക് 'അവര്‍ നടത്തിവരുന്നുണ്ട്. ആലപ്പുഴയിലെ പാര്‍ട്ടി പരിപാടികളിലെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ പാലക്കാട് ഏറ്റെടുത്ത് പേരുകളയണമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.

ദേശീയ നേതൃത്വത്തിന് ശോഭയുടെ കഴിവില്‍ വലിയ മതിപ്പാണുള്ളത്. ദേശീയ നേതൃത്വത്തിന്റെ കര്‍ശനമായ മേല്‍നോട്ടത്തില്‍ എല്ലാവരും ഒന്നിച്ചുനിന്നുകൊണ്ടുള്ള പോരാട്ടമാണ് നടക്കുന്നതെങ്കില്‍ പാലക്കാട് സീറ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ശോഭ ആലോചിച്ചേക്കും. പാലക്കാട് 2016 ല്‍ ഷാഫി പറമ്പിലിനെതിരെ ശോഭാസുരേന്ദ്രന്‍ രംഗത്തിറങ്ങിയപ്പോഴാണ് സി.പി.എമ്മിനെ പിന്നിലാക്കി ബി.ജെ.പി.അവിടെ രണ്ടാംസ്ഥാനത്തേക്ക് വരുന്നത്. അന്ന് 29.08 ശതമാനം വോട്ട് വാങ്ങാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. 2021 ല്‍ ഇ. ശ്രീധരന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായപ്പോള്‍ വോട്ട് ശതമാനം 35.34 ശതമാനമായി ഉയര്‍ന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശോഭയെ അവഗണിക്കാന്‍ നേതൃത്വത്തിന് കഴിയില്ല.